മണിമല വാഹനാപകടം: കേസ് ദുർബലപ്പെടുത്താൻ പൊലീസ് ശ്രമിച്ചതായി ദൃക്സാക്ഷി
text_fields1. ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി 2. മരണപ്പെട്ട മാത്യു ജോൺ, സഹോദരൻ ജിൻസ് ജോൺ
മണിമല: കറിക്കാട്ടൂരിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസ് ദുർബലപ്പെടുത്താൻ പൊലീസ് ശ്രമിച്ചതായി ദൃക്സാക്ഷി ജോമോൻ. അമിതവേഗത്തിൽ ഇന്നോവ കാർ റാന്നി ഭാഗത്ത് നിന്നുമാണ് വന്നത്. കാർ ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ നാലുപ്രാവശ്യം വട്ടംകറങ്ങി. ഇതേസമയം എതിർദിശയിൽ മണിമല ഭാഗത്തു നിന്ന് വരുകയായിരുന്ന ആക്ടീവ സ്കൂട്ടർ റോഡിൽ വട്ടംകറങ്ങിയ കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു.
ഇതോടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇരുവരും റോഡിൽ തെറിച്ചു വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ദൃക്സാക്ഷി പറയുന്നു. എന്നാൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ഇതിന് വിരുദ്ധമായാണ് എഫ്.ഐ.ആർ തയാറാക്കിയത്. ഒരേ ദിശയിൽ വരുകയായിരുന്ന വാഹനങ്ങളിൽ സ്കൂട്ടർ ഇന്നോവക്ക് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് വരുത്താനുള്ള ശ്രമമാണ് നടന്നത്.
യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിച്ചത് ജോസ് കെ. മാണിയുടെ സഹോദരി ഭർത്താവിന്‍റെ ഇന്നോവ കാറുമായാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത് അപകടം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ ജോസ് കെ. മാണിയുടെ ബന്ധുവിൽ നിന്നാണ്. അപകടം ഉണ്ടാകുമ്പോൾ കാർ ഓടിച്ചിരുന്നത് വളരെ പ്രായം കുറഞ്ഞയാളായിരുന്നുവെന്നും ഇയാളുമായി താൻ സംസാരിച്ചപ്പോൾ ഒരു അബദ്ധം പറ്റിയതാണെന്നും മഴ പെയ്ത് റോഡിൽ വഴുക്കലുണ്ടായതു മൂലം വാഹനം നിയന്ത്രിക്കാനായില്ലെന്നും ദൃക്സാക്ഷിയോട് യുവാവ് പറഞ്ഞിരുന്നു.
എന്നാൽ, എഫ്.ഐ.ആറിൽ വാഹനം ഓടിച്ച ഡ്രൈവറുടെ പേര് ചേർക്കാതെ 47 വയസ്സെന്ന് രേഖപ്പെടുത്തി യഥാർഥ ഡ്രൈവറെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചതായും ആരോപണമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.