കുർബാന തർക്കം; മഞ്ഞപ്ര ഫൊറോന പള്ളിയിൽ വികാരിയെ ബന്ദിയാക്കി
text_fieldsമഞ്ഞപ്ര (കൊച്ചി): കുർബാന തർക്കത്തെതുടർന്ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വികാരിയെ ഒരുവിഭാഗം വിശ്വാസികൾ ബന്ദിയാക്കി. ഇരുവിഭാഗം വിശ്വാസികൾ തമ്മിൽ പോർവിളിയും രൂക്ഷമായ വാക്കേറ്റവുമുണ്ടായി. ഞായറാഴ്ച രാവിലെ ഏഴിനുള്ള കുർബാനക്ക് മുമ്പുതന്നെ ഇരു വിഭാഗത്തിലുംപെട്ടവർ പള്ളിയുടെ സങ്കീർത്തിക്ക് മുന്നിൽ തമ്പടിച്ചു.
ഒരുവിഭാഗം വിശ്വാസികൾ ദിവസങ്ങൾക്ക് മുമ്പ് വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടനെ നേരിൽകണ്ട് വലിയ നോമ്പിന്റെ പ്രാരംഭ ദിനമായ പേത്താർത്താ ദിനം മുതൽ സഭ സിനഡ് നിർദേശിച്ച അൾത്താരഭിമുഖ കുർബാന പള്ളിയിൽ അർപ്പിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുർബാനക്ക് മുമ്പുതന്നെ ഇരുവിഭാഗവും കൂക്കുവിളിയും പോർവിളിയുമായി സംഘടിക്കുകയായിരുന്നു. ഇതോടെ പള്ളിയിൽ പ്രവേശിച്ചിരുന്ന വിശ്വാസികൾ സങ്കീർത്തി ഭാഗത്തേക്ക് ഓടിയെത്തി. അരമണിക്കൂറിലധികം വാക്കേറ്റം തുടർന്നു. ഈ സമയം കുർബാനക്കായി പള്ളിമേടയിൽനിന്ന് വികാരി വരാറുള്ള പതിവ് വഴി ഒഴിവാക്കിയാണ് സങ്കീർത്തിയിൽ എത്തിയത്.
തുടർന്ന് സഭ അനൂകൂലികൾ സങ്കീർത്തിയിൽ എത്തി വികാരിയോട് സിനഡ് കുർബാന അർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അംഗീകരിക്കാതെ വന്നപ്പോൾ വികാരിയെ ബന്ദിയാക്കുകയായിരുന്നു. 20 മിനിറ്റിലേറെ പുരോഹിതനെ സങ്കീർത്തിയിൽ തടഞ്ഞുവെച്ചു.ഇതിനിടയിൽ വൈദികനും അൾത്താരാഭിമുഖ കുർബാന അനുകൂലികളും തമ്മിൽ ഏറെനേരം രൂക്ഷമായ വാക്കേറ്റമുണ്ടായി.
കുർബാന മധ്യേ ഏകീകൃത കുർബാനയെക്കുറിച്ച് വിശ്വാസികളോട് പറയാമെന്ന അദ്ദേഹത്തിന്റെ ഉറപ്പിനെത്തുടർന്നാണ് വൈദികനെ അൾത്താരയിലേക്ക് വിട്ടത്.
തുടർന്ന് അദ്ദേഹം ജനാഭിമുഖ കുർബാന അർപ്പിച്ചു. ഇതിനിടെ ചിലർ പക്ഷംപിടിക്കാൻ മറ്റ് ഇടവക പള്ളികളിൽനിന്ന് വന്നതായി ഒരുവിഭാഗം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.