മരട് സ്കൂൾ വാൻ അപകടം: ചികിത്സയിലിരുന്ന കുട്ടി മരിച്ചു
text_fieldsമരട്: മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. വൈറ്റില ജനത പാടത്ത് ലെയിനിൽ വാൻപുള്ളിൽ ജോബ് ജോർജ് - ജോമ ദമ്പതികളുടെ മകൾ കരോലിനാണ് (മൂന്നര) ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
കഴിഞ്ഞ തിങ്കളാഴ്ച മരട് ജയന്തി റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ വാനിലുണ്ടായിരുന്ന കരോലിനെ അബോധാവസ്ഥയിലാണ് പുറത്തെടുത്തത്. ആദ്യം വൈറ്റിലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ശ്വാസകോശത്തിൽ ചളിയും വെള്ളവും നിറഞ്ഞതിനെത്തുടർന്ന് വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ശരീരം പ്രതികരിക്കാത്തതിനാൽ മറ്റ് മരുന്നുകൾ നൽകാനും സാധിച്ചില്ല. ബുധനാഴ്ച സി.ടി സ്‌കാൻ ചെയ്തെങ്കിലും ആരോഗ്യത്തിൽ പുരോഗതിയില്ലെന്നായിരുന്നു പരിശോധന ഫലം. ഒരാഴ്ചയോളം അബോധാവസ്ഥയിൽ തുടർന്നശേഷമാണ് കരോലിൻ മരണത്തിന് കീഴടങ്ങിയത്.
മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ എട്ടരക്ക് തൈക്കൂടം സെൻറ് റാഫേൽ ദേവാലയത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും. പത്തോടെ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. കരോലിെൻറ മാതാപിതാക്കളായ ജോബിനും ജോമക്കും ന്യൂസിലൻഡിലാണ് ജോലി. കരോലിൻ ബന്ധുവായ മരട് കാട്ടിത്തറ കുന്നലക്കാട് ജിനിയുടെ ഒപ്പമാണ് താമസിച്ചിരുന്നത്. അഞ്ചര മാസം പ്രായമുള്ള സഹോദരിയുണ്ട്.
മരടിലെ ‘കിഡ്സ് വേൾഡ്’ പ്ലേ സ്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിദ്യാർഥികളായ ആദിത്യൻ (നാല്), വിദ്യാലക്ഷ്മി (നാല്), ആയ ലത (45) എന്നിവരാണ് നേരത്തേ മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.