സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്നുമരണം
text_fieldsകൊച്ചി: അപകടവഴിയിൽ സ്കൂൾ വാൻ ഡ്രൈവറുടെ അശ്രദ്ധമൂലം കുരുന്നുകൾക്ക് ദാരുണാന്ത്യം. കൊച്ചി മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് എൽ.കെ.ജി വിദ്യാർഥികളും ആയയും മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ ശ്രീനിലയത്തിൽ ശ്രീജിത്ത്-പ്രിയ ദമ്പതികളുടെ ഏക മകൻ ആദിത്യൻ (നാല്), കാക്കനാട് വാഴക്കാല ഐശ്വര്യയിൽ സനൽകുമാർ-സ്മിഷ ദമ്പതികളുടെ ഏകമകൾ വിദ്യാലക്ഷ്മി (നാല്), ആയ പേട്ട വിക്രം സാരാഭായ് റോഡ് കോച്ചിറപ്പാടത്ത് വീട്ടില് ഉണ്ണിയുടെ ഭാര്യ ലത (45) എന്നിവരാണ‌് മരിച്ചത്. പരിക്കേറ്റ ഡ്രൈവർ അനിൽകുമാർ (ബാബു) ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ മരട് പാടത്തുംലെയ്നിൽ കരോലെൻ തേരേസ (അഞ്ച്) അപകടനില തരണം ചെയ്തു.

തിങ്കളാഴ്ച വൈകീട്ട് നാലോടെ മരട് കാട്ടിത്തറ റോഡിൽ അയനി ക്ഷേത്രത്തിന് സമീപം മരട് കിഡ്സ് വേൾഡ് ഡേ കെയർ സെൻററിലെ കുട്ടികളുമായി വന്ന വാനാണ് അപകടത്തിൽപ്പെട്ടത്. പത്തു കുട്ടികളുമായി പുറപ്പെട്ട വാൻ രണ്ടു കുട്ടികളെ വീടുകളിൽ ഇറക്കിയശേഷം വളക്കുന്നതിനിടെ ക്ഷേത്രക്കുളത്തിലേക്ക് മറിയുകയായിരുന്നു. എട്ട് കുട്ടികളും ഡ്രൈവറും ആയയുമാണ് വാനിലുണ്ടായിരുന്നത്. വാൻ കുളത്തിൽ വീഴുന്നത് കണ്ട് സ്ഥലത്തെത്തിയ സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഞ്ചു കുട്ടികളെ നിസ്സാര പരിക്കുകളോടെ ഉടൻ രക്ഷപ്പെടുത്തി. ഡ്രൈവറും പരിക്കേറ്റ കുട്ടിയും എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയിലാണ്.
ആദിത്യെൻറ പിതാവ് ശ്രീജിത്ത് കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനാണ്. മാതാവ് പ്രിയ ചിത്രകാരിയാണ്. ആദിത്യെൻറ മൃതദേഹം ചെങ്ങന്നൂരിലെ കുടുംബവീട്ടിലേക്കു കൊണ്ടുപോയി. സനൽകുമാർ-സ്മിഷ ദമ്പതികളുടെ മകൾ വിദ്യാലക്ഷ്മിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് രണ്ടു മാസം മുമ്പ് മരട് ആയത്തുപറമ്പിൽ വീട് വാടകക്കെടുത്തത്. വിദ്യാലക്ഷ്മിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. ലതയുടെ മക്കള്: ഐശ്വര്യ, ലക്ഷ്മി. ഭർത്താവ് ഉണ്ണി കൂലിപ്പണിക്കാരനാണ്. സംസ്കാരം ചൊവ്വാഴ്ച.
വാഹനം യാത്രക്ക് സുരക്ഷിതമായിരുന്നില്ലെന്ന് മോട്ടോർ വെഹിക്കിൾ അധികൃതർ
കൊച്ചി: മരടിൽ അപകടത്തിൽപ്പെട്ട സ്കൂൾ വാൻ യാത്രക്ക് പൂർണ സുരക്ഷിതമായിരുന്നില്ലെന്ന് മോട്ടോർ വെഹിക്കിൾ അധികൃതർ. ടയർ പൂർണമായി തേഞ്ഞുതീർന്ന നിലയിലാണ്. കൂടാതെ നിരവധി കേടുപാടുകൾ വാഹനത്തിനുണ്ടായിരുന്നുവെന്ന് ഇതിന് മുമ്പ് വാഹനം പരിശോധിച്ച മെക്കാനിക്കും പറയുന്നു. അത് പൂർണമായി പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നതായും ഇവർ ചൂണ്ടിക്കാട്ടി. വാഹനത്തിെൻറ ഫിറ്റ്നസ് സംബന്ധമായ പരിശോധനകൾ നടത്തി വരികയായിരുന്നു.
അതേസമയം, അപകടത്തിന് വഴിവെച്ചത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവും. ഇടുങ്ങിയ വഴിയിലൂടെ അമിത വേഗത്തിലെത്തി അതേ നിലയിൽ അശ്രദ്ധമായി വളവ് തിരിച്ചതാണ് വാഹനം കുളത്തിലേക്ക് വീഴാൻ കാരണമായത്. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ഒരുപാട് വളവുകളും തിരിവുമുള്ള വഴിയിൽ ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാനുള്ള സ്ഥലമേ ഉള്ളൂ. റോഡിെൻറ പലസ്ഥലങ്ങളും ടൈൽ പാകിയതും കുണ്ടുംകുഴിയും നിറഞ്ഞതുമാണ്.
കുളം പായലും ചെളിയും നിറഞ്ഞ നിലയിലായിരുന്നു. വളവ് തിരിഞ്ഞപ്പോൾ വലതുവശത്തുള്ള കുളത്തിന് സമീപത്തേക്ക് വാഹനത്തിെൻറ ഇതേ ഭാഗം ചരിയുകയായിരുന്നു. റോഡിൽനിന്ന് തെന്നിമാറുകയും ചെയ്തു. ഈ സമയം ഡോർ തുറന്ന് കുട്ടികളെ ഇറക്കാൻ ശ്രമിക്കുന്നതും ആളുകൾ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആളുകൾ വാഹനത്തിലുള്ളവരെ ഇറക്കാൻ ശ്രമിക്കുമ്പോഴാണ് പൂർണമായും വെള്ളത്തിലേക്ക് മറിഞ്ഞത്. വലതുഭാഗത്തിരുന്ന കുട്ടികൾ ഇതോടെ ചെളിയിൽ പൂണ്ടുപോകുന്ന അവസ്ഥയുണ്ടായി. ഈ കുട്ടികളാണ് മരിച്ചത്. ആയയും ഇതേ അവസ്ഥയിലായിരുന്നു. ഇവരെ ഇറക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും ആദ്യ ഘട്ടങ്ങളിൽ വിജയിച്ചില്ല.
സ്ഥിരമായി ഈ വഴിയിലൂടെ വാഹനമോടിക്കുന്ന വ്യക്തിയാണ് ഡ്രൈവർ അനിൽകുമാർ. അമിത വേഗത്തിലാണ് ഇയാൾ വാഹനമോടിച്ചിരുന്നതെന്ന് മരണപ്പെട്ട കുട്ടിയുടെ വീടിന് സമീപത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതും ഡ്രൈവറായിരുന്നു. ഇതിനിടെ ഇയാൾ കുഴഞ്ഞുവീണു.

മരട് അപകടം: ഡ്രൈവർക്കെതിരെ കേസ്
കൊച്ചി: മരടിൽ സ്കൂൾ വാൻ കുളത്തിൽ മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിക്കാനിടയായ സംഭവത്തിൽ ഡ്രൈവർ അനിൽ കുമാറിനെതിരെ (ബാബു) പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമം 304 എ വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അന്വേഷണത്തിൽ മറ്റ് കുറ്റങ്ങൾ തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
കൂട്ടുകാരെ തിരഞ്ഞ് രക്ഷപ്പെട്ട കുരുന്നുകൾ
കൊച്ചി: കളിചിരികളുമായി തങ്ങളോടൊപ്പമുണ്ടായിരുന്ന കൂട്ടുകാർ ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന സത്യം അവരറിഞ്ഞിട്ടില്ല. വിദ്യയും ആദിത്യനും കാട്ടിത്തറയിലെ കുളത്തിൽ മുങ്ങിത്താഴുമ്പോൾ തങ്ങളെ ഉയർത്തിയ കരങ്ങൾ ഇവരുടെ ഓർമയിൽ അദൃശ്യമാണ്. ആളുകൾ ഓടിക്കൂടിയപ്പോഴും വാഹനം ഉയർത്തിയപ്പോഴുമെല്ലാം ഒന്നുമറിയാതെ പൊട്ടിക്കരയുകയായിരുന്നു ഇവർ.
എരൂരിലെ മിത്ര വൃന്ദ, ഇരുമ്പനത്തെ രാംപ്രവീൺ, എരൂരിലെ തനിഷ‌്ക‌് പ്രദീപ‌്, തിരുവാങ്കുളത്തെ അനിക, മരടിലെ മിലോൺ, വൈറ്റില ജനതയിലെ കാരൾ തെരേസ എന്നിവരാണ‌് മരണക്കുളത്തിൽനിന്ന് രക്ഷപ്പെട്ടത്. ഇവരെ രക്ഷപ്പെടുത്തിയശേഷമാണ‌് കയർ കെട്ടി വാൻ ഉയർത്തി ബാക്കി മൂന്ന‌് പേരെയും കരക്ക് കയറ്റിയത‌്.
കളിച്ചും ചിരിച്ചും ഇരുവരും തിരികെ വരുമെന്ന പ്രതീക്ഷയിലാണ‌് ഇൗ ആറുപേരും. ഇവരുടെ കരച്ചിലും നിഷ്കളങ്കമായ മുഖവും ആശുപത്രിയിൽ കണ്ടുനിന്നവരെയും ഈറനണിയിച്ചു. കുട്ടികളെ മാതാപിതാക്കളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവർക്കിനി കൗൺസലിങ് നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.