മസാല ബോണ്ട് കേസ്: ഒടുവില്‍ കിഫ്ബി ഉന്നതന് ഇ.ഡിക്ക് മുന്നില്‍
text_fieldsകൊച്ചി: ഒന്നര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കിഫ്ബി ഉന്നത ഉദ്യോഗസ്ഥന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കിഫ്ബി ഫിനാന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജോഷ് കൃഷ്ണനാണ് ഇ.ഡി കൊച്ചി ഓഫിസില്‍ ചൊവ്വാഴ്ച രാവിലെ ഹാജരായത്. ഇദ്ദേഹത്തെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. അജോഷിനൊപ്പം കിഫ്ബിയിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഹേമന്തും ഹാജരായി.
മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ വൈകിയാണ് അവസാനിച്ചത്. മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി പുറപ്പെടുവിച്ച സമന്‍സിനെതിരെ കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും നല്കിയ ഹരജികള്‍ ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉദ്യോഗസ്ഥര്‍ ഇ.ഡിക്ക് മുന്നിലെത്തിയത്. ഒന്നര വര്‍ഷത്തിലേറെയായി ഈ വിഷയത്തിൽ കിഫ്ബിയും ഇ.ഡിയും തമ്മില്‍ നിയമയുദ്ധത്തിലാണ്.
ഇ.ഡി സമന്‍സുകള്‍ക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും ഹരജി നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നിലപാടില്‍ ഇ.ഡി ഉറച്ചുനിന്നു. ഇതിൽ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും നിലപാട് ഹൈകോടതി ആരാഞ്ഞിരുന്നു. ഹാജരാകേണ്ട നിയമപരമായ ബാധ്യത തനിക്കില്ലെന്ന നിലപാടാണ് തോമസ് ഐസക് സ്വീകരിച്ചത്. ഡി.ജി.എം ഹാജരായി വിശദീകരണം നല്‍കാമെന്നാണ് കിഫ്ബി അറിയിച്ചത്. ഇതിന് ഹൈകോടതി അനുമതി നല്‍കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് ഇ.ഡി വിഡിയോയില്‍ ചിത്രീകരിച്ചു. മസാല ബോണ്ടിലൂടെ ലഭിച്ച പണം ഏതൊക്കെ രീതിയില്‍ വിനിയോഗിച്ചു എന്നത് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും തേടിയത്. ഇവര്‍ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും കിഫ്ബി സി.ഇ.ഒ അടക്കം ഹാജരാകേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഇ.ഡി തീരുമാനമെടുക്കുക. മസാല ബോണ്ട് വഴി കിഫ്ബി വിദേശത്തുനിന്ന് സമാഹരിച്ച 2,150 കോടി രൂപ വിനിയോഗിച്ചതിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഹൈകോടതിയില്‍ ഇ.ഡി നല്കിയ വിശദീകരണത്തിൽ അറസ്റ്റുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.