മസാല ബോണ്ട്: ഇ.ഡി നോട്ടീസ് നിയമപരമായി നേരിടാൻ കിഫ്ബി; ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന്
text_fieldsതിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇ.ഡി നീക്കത്തെ നിയമപരമായി നേരിടാൻ കിഫ്ബി. നോട്ടിസിലെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെയാണ് നിയമപരമായ പ്രതിരോധത്തിന് കിഫ്ബി തയാറെടുക്കുന്നത്.
മസാല ബോണ്ട് ഫണ്ടിന്റെ വിനിയോഗ രേഖകൾ ഇ.ഡി.യുടെ പക്കൽ ഉണ്ടായിട്ടും തെറ്റായ കണക്കാണ് നോട്ടീസിൽ പറഞ്ഞത്. 466 കോടി രൂപ ഭൂമി വാങ്ങാനായി വിനിയോഗിച്ചു എന്ന് വരുത്തിത്തീർക്കാനും ഇത് നിയമവിരുദ്ധമെന്ന് സ്ഥാപിക്കാനുമാണ് ഇ.ഡി ശ്രമം. ഈ രണ്ട് ആരോപണങ്ങളും തെറ്റാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി, നിയമാനുസൃതമായ ഭൂമി ഏറ്റെടുത്ത ഇനത്തിൽ വിനിയോഗിച്ച തുക 66 കോടി രൂപ മാത്രമാണ്. എന്നാൽ, 400 കോടി കൂടി ഇതിലേക്ക് കൂട്ടിച്ചേർത്ത് കണക്കുകൾ പെരുപ്പിക്കാനാണ് ഇ.ഡി ശ്രമിച്ചത്. ഇനി 66 കോടി വിനിയോഗിച്ച് ഭൂമി ഏറ്റെടുത്തതാകട്ടെ പൊതു ആവശ്യങ്ങൾക്കാണ്. ഇതാകട്ടെ നിയമാനുസൃതവും. അതേ സമയം, റിയൽ എസ്റ്റേറ്റ്- വാണിജ്യ താത്പര്യത്തോടെ ഭൂമി ഏറ്റെടുക്കാനും വാങ്ങാനുമാണ് നിയമ തടസ്സവും റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളുമുള്ളത്. കിഫ്ബി ഒരു രൂപ പോലും ഈ അർഥത്തിൽ ചെലവഴിച്ചിട്ടില്ല. പുറത്തു നിന്നുള്ള വായ്പയിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കലിന് 2016ന് മുൻപ് വിലക്കുണ്ടായിരുന്നു. എന്നാൽ, 2016 ൽ ഈ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി.
ഈ അർഥത്തിൽ മസാല ബോണ്ട് വഴി സമാഹരിച്ച ഫണ്ട് വിനിയോഗം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നിർദേശങ്ങളും എക്സ്റ്റേണൽ കൊമേഴ്സ്യൽ ബോറോയിങ് (ഇ.സി.ബി) മാർഗനിർദേശങ്ങളും ഫെമ വ്യവസ്ഥകളും പാലിച്ചാണെന്ന് കിഫ്ബി അടിവരയിടുന്നു. ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) പുറത്തിറക്കിയ മസാല ബോണ്ടുകൾ സംബന്ധിച്ച് 2017-18ലെ പ്രവർത്തന റിപ്പോർട്ട് പരിശോധിച്ച സി.എ.ജി, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിന് മസാല ബോണ്ട് ഫണ്ടുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത് മസാല ബോണ്ട് പുറത്തിറക്കിയ 2019-ൽ, അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ അനുവദിച്ചിരുന്നു എന്നാണ് കിഫ്ബി വാദിക്കുക. സി.എ.ജി നിലപാട് കിഫ്ബിയുടെ സമീപനത്തിന് സാധുത നൽകുന്നതാണ്. ‘ഭൂമി ഏറ്റൈടുക്കലും’ ‘ഭൂമി വാങ്ങലും’ രണ്ടാണെന്നിരിക്കെ, ദേശീയപാതക്ക് ഭൂമിയേറ്റെടുത്തതിനെ ‘ഭൂമി വാങ്ങൽ’ എന്ന് പരാമർശിച്ചത് ദുരുദ്ദേശത്തോടെയാണെന്നാണ് കിഫ്ബിയുടെ ആരോപണം. ഇതോടൊപ്പം മസാല ബോണ്ട് വഴി സമാഹരിച്ച ഫണ്ടുപയോഗിച്ചുള്ള 18 മേഖലകളിലെ 339 പദ്ധതികളുടെ വിവരവും ചൂണ്ടിക്കാട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

