മാസപ്പടി: ആടിയുലഞ്ഞ് രാഷ്ട്രീയ പ്രതിരോധം, സി.പി.എമ്മിനെ വെട്ടിലാക്കി സി.പി.ഐ
text_fieldsതിരുവനന്തപുരം: പിണറായി വിജയന്റെ മകൾ ടി. വീണക്കും ഭർത്താവ് മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി നീക്കങ്ങളും വെളിപ്പെടുത്തലുകളും കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കമെന്ന സി.പി.എം പ്രതിരോധം ദുർബലമാകുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്.എഫ്.ഐ.ഒ) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ആരംഭിച്ച അന്വേഷണം നിലവിൽ കോർപ്പറേറ്റ് ക്രമക്കേടുകൾക്കപ്പുറം വിദേശ ധനകൈമാറ്റമടക്കം ഗൗരവതരമായ ആരോപണങ്ങളിലേക്ക് കടന്നതോടെ ‘കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയാടൽ’ എന്ന വാദത്തിൽ ഇനി സി.പി.എമ്മിന് എത്രത്തോളം തുടരാനാകുമെന്ന് കണ്ടറിയണം.
മറുഭാഗത്ത് പ്രതിപക്ഷ നേതാവിന്റെ മകളായതിനാലാണ് വേട്ടയാടൽ എന്ന നിലയിൽ സി.പി.എം ഉന്നയിക്കുന്ന വാദമുഖങ്ങളെ തള്ളിയ സി.പി.ഐ നിലപാടും തിരിച്ചടിയാണ്. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് ‘ഇടതുപക്ഷ രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’എന്ന് ബിനോയ് വിശ്വത്തിന്റെ അളന്നുമുറിച്ച മറുപടി. ഇതിലൊന്നും സി.പി.ഐ കക്ഷിയേ അല്ല, ഇത്തരം വാങ്ങലുകളിൽ ഒരു പങ്കും സി.പി.ഐക്കില്ല, ഇനി ഉണ്ടാവുകയുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞൊഴിഞ്ഞു. ഇ.ഡി കേസിനെ രാഷ്ട്രീയമായി നേരിടുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞുവെച്ചതിന് തൊട്ടുടനെയാണ് ഈ നിഷേധമെന്നത് മുന്നണിയിലെ ആഭ്യന്തര പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ അടിമുടി തിരുത്തലുകൾക്കായി സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്ത മാസം കോഴിക്കോട് ചേരാനിരിക്കുകയാണ്. പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ പാർട്ടിയിൽ കടുത്ത വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ വിവാദങ്ങൾ. വീണക്കെതിരായ കേസിൽ ഹവാല അടക്കം പുതിയ ആരോപണങ്ങൾ വന്നത് സി.പി.എമ്മിനെ കൂടുതൽ വെട്ടിലാക്കുന്നതാണ്. എക്സാലോജിക്-സി.എം.ആർ.എൽ ഇടപാടിൽ വീണയുടെ വാദങ്ങൾ തള്ളിയുള്ള ശശിധരൻ കർത്തയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ഇ.ഡിയുടെ പുതിയ വെളിപ്പെടുത്തലുകൾ. ഐ.ടി. സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പിണറായി വിജയന്റെ മകൾ എന്നത് പരിഗണിച്ചാണ് തുക നൽകിയതെന്നുമായിരുന്നു കർത്തയുടെ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

