ശങ്കർജിയുടെ ജ്വലിക്കുന്ന സ്മരണയിൽ മായന്നൂർ
text_fieldsശങ്കർജിയുടെ മായന്നൂരിലെ വീട്
ഗാന്ധിജിക്കൊപ്പം സബര്‍മതി ആശ്രമത്തില്‍നിന്ന് 241 മൈല്‍ നടന്ന് ദണ്ഡിയാത്രയിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്ത ശങ്കരന് എഴുത്തച്ഛന് എന്ന ശങ്കര്‍ജി, ദണ്ഡിയാത്രയില്‍ പങ്കെടുത്ത നാലു മലയാളികളില്‍ ഒരാള്‍. തിരുവില്വാമല കൊറ്റുവീട്ടില് രാമന് എഴുത്തച്ഛന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1902 ഒക്ടോബര്‍ ഏഴിന് തിരുവില്വാമലയില്‍ ജനിച്ച ശങ്കരന് എഴുത്തച്ഛന് പിന്നീട് മായന്നൂരിലേക്ക് താമസം മാറ്റുകയായിരുന്നു.
യൗവനത്തിൽ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആകൃഷ്ടനായി ശങ്കര്‍ജി നാടുവിട്ട് വാര്‍ധയിലെത്തി. ഏറെക്കാലം സബര്‍മതി ആശ്രമത്തില്‍ ചെലവഴിച്ചു. അവിടെ ഖാദി വിദ്യാർഥിയായി പ്രവർത്തിച്ചു. അവിടുന്ന് ചർക്കനിർമാണം, നൂൽനൂൽപ്പ് എന്നിവയിൽ പരിശീലനം നേടി. പതിയെ ഗാന്ധിജിയുടെ പ്രിയപ്പെട്ട അനുയായിയായി മാറി.
1930 മാർച്ച് 12 രാവിലെ 6.30ന് ഗാന്ധിജി 61ാം വയസ്സിൽ സത്യഗ്രഹസമര ജീവിതത്തിന്റെ ഏറ്റവും ശക്തമായ പോരാട്ടപാതയിലേക്ക് കടന്നു. 78 സത്യഗ്രഹികൾ സബർമതി ആശ്രമത്തിലെ ഹൃദയകുഞ്ച് ഭവനത്തിൽനിന്ന് നടന്നുതുടങ്ങി. ഓരോ ദിവസവും ശരാശരി 16 കിലോമീറ്റർ നടന്ന് സംഘം വൈകുന്നേരം ഒരു ഗ്രാമത്തിൽ തമ്പടിക്കുന്നതായിരുന്നു രീതി. നാലു ജില്ലകളും 48 ഗ്രാമങ്ങളും പിന്നിട്ട് 387.5 കിലോമീറ്റർ നടന്ന് ഏപ്രിൽ അഞ്ചിന് വൈകുന്നേരം സംഘം ദണ്ഡിയിലെത്തി ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് പൊലീസിന്റെ ക്രൂരമർദനം ഏറ്റുവാങ്ങി. ദണ്ഡിയിലെ ഉപ്പുസത്യഗ്രഹ സ്മാരകത്തില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ വെങ്കലപ്രതിമ ഇടംപിടിച്ചിട്ടുണ്ട്.
പിന്നീട് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി നിരവധി സമരങ്ങളില്‍ പങ്കാളിയാകുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഗാന്ധിജിയുടെ നിര്‍ദേശാനുസരണം തെക്കേ ഇന്ത്യയിലെ പിന്നാക്ക ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനായി നാട്ടിലേക്ക് തിരിച്ചെത്തി. ഖാദി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും പ്രദേശവാസികളെ നൂല്‍നൂല്‍പ്പും നെയ്ത്തും പഠിപ്പിക്കുകയും ചെയ്തു. നാട്ടിലെത്തിയശേഷവും ഗാന്ധിജിയുമായുള്ള ബന്ധം കത്തിടപാടുകളിലൂടെ തുടര്‍ന്നു.
മായന്നൂർ ശേഖരത്തിൽ തറവാട്ടിലെ നാരായണിയമ്മയായിരുന്നു ശങ്കർജിയുടെ ഭാര്യ. നവീൻ ചന്ദ്രൻ, വിനയചന്ദ്രൻ എന്നിവരായിരുന്നു മക്കൾ. ഗോവിന്ദൻ എഴുത്തച്ഛൻ, ദാമോദരൻ എഴുത്തച്ഛൻ, കുമാരൻ എഴുത്തച്ഛൻ, രാമകൃഷ്ണൻ എഴുത്തച്ഛൻ, നാരായണിക്കുട്ടി എന്നിവരാണ് സഹോദരങ്ങൾ. 1986 ഏപ്രില്‍ 30ന് അദ്ദേഹം മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.