ബസിലെ മെമ്മറി കാർഡ്: മൂന്നുപേരെ ചോദ്യംചെയ്തു
text_fieldsതിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മിലെ തർക്കത്തിൽ നിർണായക നീക്കവുമായി പൊലീസ്. ബസിലെ മെമ്മറി കാർഡ് നഷ്ടപ്പെട്ട കേസിൽ പൊലീസ് മൂന്നുപേരെ ചോദ്യംചെയ്തു. കണ്ടക്ടർ സുബിൻ, സംഭവദിവസം രാത്രി തമ്പാനൂർ ഡിപ്പോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവ്, ബസ് ഡ്രൈവർ യദു എന്നിവരെയാണ് വെള്ളിയാഴ്ച മണിക്കൂറുകളോളം ചോദ്യംചെയ്തത്.
സുബിനെയും ലാൽ സജീവിനെയും വെളുപ്പിന് അവരവരുടെ വീടുകളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വിഷയത്തിൽ കണ്ടക്ടറുടെ മൊഴി പോലീസ് നേരത്തെ എടുത്തിരുന്നു. സംഭവത്തെപ്പറ്റി താൻ നൽകിയ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്റെ മൊഴി എന്താണെന്ന് ഭാര്യയോടുപോലും പറഞ്ഞിട്ടില്ല. പൊതുസമൂഹത്തിൽ കെ.എസ്.ആർ.ടി.സിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ ചെയ്യില്ല. എ.എ. റഹിം എം.പിയുമായി സംസാരിച്ചത് വിവാദമാക്കേണ്ട ആവശ്യമില്ല എന്നുമായിരുന്നു പ്രതികരണം.
തര്‍ക്കത്തിനുശേഷം കണ്ടക്ടര്‍ സുബിൻ സി.സി.ടി.വി കാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മെമ്മറി കാര്‍ഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യംചെയ്യലിൽ വ്യക്തമാക്കി. സി.സി.ടിവിയുടെ മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി. ഇരുവരെയും മൊഴിയെടുത്ത് വിട്ടയച്ചു. പിന്നാലെ ഉച്ചയോടെ ഡ്രൈവർ യദുവിനെയും കസ്റ്റഡിയിലെടുത്തു. മേയറുടെ പരാതിയിൽ അറസ്റ്റ് ചെയ്ത് വിട്ടതിനു പിന്നാലെ യദു ബസിന് സമീപമെത്തിയത് ദുരൂഹമാണെന്നും യദുവിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം. മൂന്നുപേരെയും വിട്ടയച്ചെങ്കിലും ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപണം
സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് ഭാര്യ ബിന്ദു. രാവിലെ മുന്നറിയിപ്പില്ലാതെ പത്തോളം പൊലീസുകാർ വീട്ടിൽനിന്ന് ലാൽ സജീവിനെ പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. വിഴിഞ്ഞം സ്റ്റേഷനിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് പൊലീസുകാര്‍ വന്നത്. വസ്ത്രം മാറാൻപോലും അനുവദിച്ചില്ല. ലാൽ സജീവ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുള്ളതാണെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.