എം.ബി.ബി.എസ് പരീക്ഷാഫലം ചോർന്നു
text_fieldsതൃശൂർ: 2012 എം.ബി.ബി.എസ് ബാച്ചിെൻറ അവസാന വർഷ പരീക്ഷാഫലം ചോർന്നു. സർവകലാശാല ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കാനിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ സ്വകാര്യ മെഡിക്കല്‍ കോളജിെൻറ വെബ്സൈറ്റില്‍ ഫലം വന്നു. ഫലത്തിൽ കൃത്രിമമില്ലെന്ന് കണ്ടെത്തിയതോടെ വൈകീട്ട് സർവകലാശാല ഫലം പ്രഖ്യാപിച്ചു.
സര്‍വകലാശാല പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കോലഞ്ചേരി മെഡിക്കല്‍ കോളജിെൻറ വെബ്സൈറ്റിലാണ് പരീക്ഷാഫലം വന്നത്.
പരീക്ഷാഫലം ചോര്‍ത്തിയെന്ന് കാണിച്ച് ആരോഗ്യ സര്‍വകലാശാല സൈബര്‍ സെല്ലിന് പരാതി നല്കി. ഫലം ചോര്‍ന്നതായി കണ്ടതോടെ പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികൾ ആരോഗ്യ സര്‍വകലാശാലക്കും മന്ത്രി കെ.കെ. ശൈലജക്കും പരാതി നല്കി.
പരീക്ഷയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിന് വന്‍ വിജയം എന്ന രീതിയിലാണ് വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചത്. ആ കോളജിലെ തന്നെ വിദ്യാർഥികളുടെ മാർക്കുകളാണ് പ്രസിദ്ധീകരിച്ചത്. ഇതോടെ െഎ.എം.എ വിദ്യാർഥി യൂനിയനാണ് സർവകലാശാലക്ക് പരാതി നൽകിയത്. പരാതി ലഭിച്ചതോടെ സർവകലാശാലയുടെ പരീക്ഷാ വിഭാഗം വെബ്സൈറ്റ് പരിശോധിച്ച് യഥാർഥ ഫലമാണ് ചോർന്നതെന്ന് കണ്ടെത്തി. ഇതിനിടെ സ്വകാര്യ കോളജിലെ വെബ്സൈറ്റിൽ നിന്നും ഫലം അപ്രത്യക്ഷമാവുകയും ചെയ്തു.
ആരോഗ്യ സർവകലാശാലയുടെ വെബ്സൈറ്റ് വഴിയാണ് ഫലം ചോർന്നതെന്നാണ് സൂചന. പൂർണമായും കമ്പ്യൂട്ടർവത്കരിച്ചതാണ് ആരോഗ്യസർവകലാശാലയുടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും. അതിനാൽ തന്നെ ഒന്നുകിൽ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതോ, അല്ലെങ്കിൽ ആരെങ്കിലും ചോർത്തിയതോ ആവാമെന്നാണ് വിലയിരുത്തൽ. ഒന്നിലേറെ പരീക്ഷകളുടെ ഫലം ഇത്തരത്തിൽ ചോർന്നതായും സൂചനയുണ്ട്.
പരീക്ഷ ചോദ്യപേപ്പറുകളും ഇത്തരത്തില്‍ ചോര്‍ന്നിരിക്കാമെന്നും ചില സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ വിജയശതമാനം വലിയ തോതില്‍ ഉയരുന്നത് ഇങ്ങനെയാണെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. എന്നാൽ ഫലത്തിൽ കൃത്രിമമില്ലെന്ന് പരിശോധനയിൽ വ്യക്തമായ സാഹചര്യത്തിലാണ് വൈകീട്ട് ഫലം ഔദ്യോഗികമായി തന്നെ സർവകലാശാല പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.