ഐ.സി.യുവിൽ യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; മെഡിക്കൽ കോളജ് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഐ.സി.യുവിലുള്ള യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുപ്പെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് യുവതിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. ഐ.സി.യുവിൽ കിടക്കുകയായിരുന്ന യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ പ്രതി കടന്നുപിടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അറ്റന്‍ഡറാണ് ദിൽകുമാര്‍. സംഭവത്തെ തുടര്‍ന്ന് ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാർ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ താത്കാലിക ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാര്‍ഡിയോളജി കാത്ത് ലാബില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് എന്ന ജീവനക്കാരനെതിരെയാണ് നടപടിയെടുത്തത്. ഇയാൾ ലൈംഗികാതിക്രമം നടത്തിയതായി പഠിതാക്കളായ പന്ത്രണ്ടോളം പെണ്‍കുട്ടികളാണ് പരാതി നൽകിയത്.
സംഭവത്തിൽ മൂന്നംഗ ഇന്റേണല്‍ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരമാണ് അന്വേഷണം. ഏറെ ഗൗരവത്തോടെയാണ് വിഷയം കാണുന്നതെന്നും അതിനാലാണ് ഉടനടി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതെന്നും മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേയും ശ്രീജിത്തിനെതിരേ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. താത്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്. ഇയാള്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് കോളേജ് ഇന്റേണല്‍ കമ്മിറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയും കെ.എസ്.യുവും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.വി. സുരാഗ്, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, യൂത്ത് കെയര്‍ തളിപ്പറമ്പ് നിയോജകമണ്ഡലം കോഡിനേറ്റര്‍ ജെയ്‌സണ്‍ പരിയാരം, കെ.എസ്.യു മെഡിക്കല്‍ കോളജ് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ജാസിര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരാതി നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.