സമരക്കളമായി മെഡിക്കൽ കോളജ് ആശുപത്രി പരിസരം; യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘർഷാവസ്ഥയിലെത്തി
text_fieldsകോട്ടയം: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭവുമായി അണിനിരന്നതോടെ മെഡിക്കൽ കോളജ് ആശുപത്രി കവാടം സമരക്കളമായി. കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി മരിച്ച സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി.ജെ.പി, എസ്.യു.സി.ഐ പ്രവർത്തകരാണ് ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രതിഷേധം ഏറെ നേരം ആശുപത്രി കവാടത്തെ സംഘർഷാവസ്ഥയിലാക്കി. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, വൈസ് പ്രസിഡന്റ് അബിൻ വർക്കി, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് ആശുപത്രിയുടെ പുതിയ കവാടത്തിലേക്ക് മാർച്ച് നടത്തിയത്.
ഗേറ്റിന്റെ ഒരു ഭാഗം ബാരിക്കേഡ് വെച്ച് അടക്കുകയും മറ്റൊരു ഭാഗം പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ തുറന്നിടുകയും ചെയ്തിരുന്നു. ബാരിക്കേഡ് വലിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പൊലീസിന്റെ ഷീൽഡുകളിലൊന്ന് ൈകക്കലാക്കിയ പ്രവർത്തകർ തറയിലടിച്ച് പൊട്ടിക്കാൻ ശ്രമിച്ചു. പുറത്തുനിന്ന് വടിയും പ്ലാസ്റ്റിക് വീപ്പയുമൊക്കെ അകത്തേക്ക് പറക്കാൻ തുടങ്ങിയതോടെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിലെ വെള്ളം തീർന്നതോടെ ബാരിക്കേഡുകൾ മറിച്ചിട്ട് അതിനുമുകളിലൂടെ ഗേറ്റിനപ്പുറം കടന്ന പ്രവർത്തകർ മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു.
തുടർന്ന് നടന്ന ധർണ ബാരിക്കേഡിനുമുകളിൽ കയറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇതിനിടെയാണ് ഗേറ്റിനുപുറത്ത് ബി.ജെ.പി മാർച്ച് എത്തിയത്. തുറന്നുകിടന്ന ഗേറ്റിലൂടെ അകത്തുകടന്ന ബി.ജെ.പി പ്രവർത്തകർ നേരെ ഒ.പി. ബ്ലോക്കിനു മുന്നിലേക്കു നീങ്ങി. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒ.പി. ബ്ലോക്കിനു മുന്നിലെ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാവിലെ പത്തരയോടെ ആരംഭിച്ച സമരപരമ്പര ഉച്ചക്ക് രണ്ടുമണിയോടെയാണ് അവസാനിച്ചത്.
വീണ എത്തിയത് മരണ വാറന്റിൽ ഒപ്പിടാൻ- മാങ്കൂട്ടത്തിൽ
കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജ് കൊലയാളിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിന്ദുവിന്റെ മരണ വാറന്റിൽ ഒപ്പിടാൻ പൊലീസ് അകമ്പടിയോടെ എത്തിയതാണ് വീണ ജോർജും മന്ത്രി വി.എൻ. വാസവനും. ചാണ്ടി ഉമ്മൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ബിന്ദു ഇന്ന് നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഏതെങ്കിലും മന്ത്രിമാരുടെ ഉപദേശം കേട്ട് പൊലീസുകാർ കൈകാര്യം ചെയ്യാൻ വന്നാൽ ബാരിക്കേഡ് കൊണ്ടൊന്നും തങ്ങളെ തടയാനാവില്ലെന്നും രാഹുൽ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും ആശുപത്രിയിലെത്തിയിട്ടും ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാതിരുന്നത് കടുത്ത അവഗണനയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. ഡി.സി.സി നേതൃത്വത്തിൽ മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടം തുറക്കാൻ സമയം കാത്തിരുന്നവർ അഞ്ചുമിനിറ്റിൽ സർജിക്കൽ ബ്ലോക്ക് തുറന്നുകൊടുത്തു. മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ കേരളം കണ്ടിട്ടില്ലാത്ത വിധം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സൂപ്രണ്ടിനെ സംരക്ഷിക്കും-ശോഭ സുരേന്ദ്രൻ
കോട്ടയം: മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ബലിയാടാക്കാനാണ് മന്ത്രിമാരായ വീണ ജോർജും വി.എൻ. വാസവനും ശ്രമിക്കുന്നതെങ്കിൽ ബി.ജെ.പി സംരക്ഷണം നൽകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ബി.ജെ.പി വെസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകണം. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാനും സംസ്ഥാന സർക്കാർ തയാറാവണം. യു.ഡി.എഫ് രാഷ്ട്രീയം കളിക്കുകയാണ് ഇപ്പോഴെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.