മെഡിസെപ് കരാർ മൂന്ന് മാസത്തേക്ക് നീട്ടി
text_fieldsതിരുവനന്തപുരം: പുതിയ കരാർ വൈകുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്‍റെ നിലവിലെ കരാർ മൂന്നുമാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവിറങ്ങും.
ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ജൂൺ 30ന് അവസാനിക്കുകയും ജൂലൈ ഒന്നുമുതൽ പുതിയ കരാർ നിലവിൽവരേണ്ടതുമായിരുന്നു. പുതിയ കരാർ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥ സമിതിയെയും സർക്കാർ നിയോഗിച്ചിരുന്നു.
പുതിയ കരാറിനായി ടെൻഡർ നടപടി ആരംഭിച്ചെങ്കിലും ഒരുമാസത്തിനുള്ളിൽ പൂർത്തിയാകില്ലെന്നുറപ്പായ സാഹചര്യത്തിലാണ് നിലവിലെ കരാർ നീട്ടിയത്. പാക്കേജ് നവീകരണം, കൂടുതൽ ആശുപത്രികളുടെ എംപാനൽമെന്‍റ്, ജീവനക്കാരുമായുള്ള ചർച്ച എന്നീ കടമ്പകൾ ഇനി ശേഷിക്കുകയാണ്.
പദ്ധതിയിൽ വിടവ് വന്നാൽ ഡയാലിസിസ് പോലുള്ള തുടർച്ചയായി ചികിത്സ ആവശ്യമായവരും പെൻഷൻകാരായ രോഗികളും പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് കരാർ ദീർഘിപ്പിച്ചത്. ടെൻഡറിൽ പൊതുമേഖല ഇൻഷുറൻസ് കമ്പനികളെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന തീരുമാനത്തിൽ മാറ്റമില്ല. സ്വകാര്യ കമ്പനികൾ ടെൻഡറിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.