മെഡിസെപ്; ‘കാഷ്ലെസ്’ പരാമർശിക്കാതെ സർക്കാർ ഉത്തരവ്
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാംഘട്ടം സംബന്ധിച്ച സർക്കാർ ഉത്തരവിൽ കാഷ്ലെസ് ചികിത്സയെക്കുറിച്ച് പരാമർശമില്ല. മന്ത്രിസഭ തീരുമാനത്തിന് പിന്നാലെ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചും ടെണ്ടർ നടപടികളിലേക്ക് കടക്കാൻ അനുമതി നൽകിയുമുള്ള ധനവകുപ്പ് ഉത്തരവിലാണ് ‘കാഷ്ലെസ്’ പരാമർശമില്ലാത്തത്.
മെഡിസെപ് ഒന്നാംഘട്ട പദ്ധതി നടത്തിപ്പിലെ പ്രധാന വാഗ്ദാനം കാഷ്ലെസ് ചികിത്സയായിരുന്നു. ഇത്ര പ്രധാന്യം നൽകിയിരുന്ന സംവിധാനം രണ്ടാംഘട്ടത്തിൽ ഉത്തരവിൽ പോലും ഇടംപിടിക്കാത്തതാണ് സംശയത്തിനിടയാക്കുന്നത്. ഒന്നാംഘട്ടത്തിൽ പദ്ധതി പകുതിയോടടുത്തതോടെ ഈ സൗകര്യം അട്ടിമറിക്കപ്പെട്ടെങ്കിലും രേഖകളിലെങ്കിലും ‘കാഷ്ലെസ്’ ഉണ്ടായിരുന്നു. ഈ സൗകര്യം ഒഴിവാക്കുന്നപക്ഷം ബില്ലടച്ചശേഷം ചികിത്സ തുകയുടെ റീ ഇംമ്പേഴ്സ്മെന്റിനായി കാത്തിരിക്കേണ്ടിവരും.
രണ്ടുവർഷം കാലപരിധിയുള്ള പദ്ധതിയിൽ രണ്ടാംവർഷം അഞ്ച് ശതമാനം പ്രീമിയം വർധനയുണ്ടാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. അത് എത്രയെന്നത് മന്ത്രിസഭ തീരുമാനങ്ങളിലുണ്ടായിരുന്നില്ല. പ്രതിമാസം 750 രൂപയാണ് ആദ്യവർഷ പ്രീമിയമെന്നാണ് ഉത്തരവിലുള്ളത്. ഇത് അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ രണ്ടാംവർഷ പ്രതിമാസ പ്രീമിയം 787 രൂപയാകും. ഒന്നാം വർഷത്തിലേത് 750 രൂപ തന്നെയാകുമോ എന്നതിൽ അവ്യക്തതയുണ്ട്. ടെൻഡർ പ്രവൃത്തികൾക്കുള്ള അടിസ്ഥാന നിരക്കാണ് 750 രൂപയെന്നും പ്രീമിയം കൂടുകയോ കുറയുകയോ ചെയ്യാമെന്നും ടെണ്ടർ ഘട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂവെന്നുമാണ് കഴിഞ്ഞദിവസം ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
ഒന്നാംഘട്ടം 11 ലക്ഷം പേർക്ക് 2000 കോടി രൂപയുടെ ചികിത്സയാണ് നൽകിയത്. അതേസമയം ഇൻഷുറൻസ് കമ്പനിക്ക് കൊടുത്തത് ഇതിനേക്കാൾ കുറവാണെന്നാണ് സർക്കാർ വാദം. മൂന്നുവർഷം നീണ്ട ഒന്നാംഘട്ടത്തിൽ ഒരു വർഷം ശരാശരി 500 കോടിയാണ് കമ്പനിക്ക് കൊടുത്തത്. ഈ കുറവ് കണക്കിലെടുത്താണ് ഇക്കുറി പ്രീമിയം വർധിപ്പിച്ചത്. മെഡിസെപ് ഒന്നാംഘട്ടത്തിൽ ഒരു വർഷം പിന്നിട്ടപ്പോൾതന്നെ പ്രീമിയം വർധന ആവശ്യപ്പെട്ട് കമ്പനി സർക്കാറിനെ സമീപിച്ചിരുന്നു. കരാറിൽ പദ്ധതി കാലയളവിൽ പ്രീമിയം വർധന വ്യവസ്ഥ ചെയ്യാത്തതിനാൽ ആവശ്യം സർക്കാർ തള്ളുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.