പേരിലും ജീവിതത്തിലും സമാനത, മരണത്തിലും; ദിവസത്തിന്റെ ഇടവേളയിൽ മരിച്ച ബാബുമാർക്ക് നാടിന്റെ വിട
text_fieldsജീവിതത്തിലും മരണത്തിലും അപൂർവങ്ങളായ സമാനതകളുള്ള ചെന്നിത്തലയിലെ ബാബുമാർ
ചെങ്ങന്നൂർ: ജീവിതയാത്രയിൽ യാദൃശ്ചികമായി ഏറെ അപൂർവങ്ങളായ സമാനതകൾ കാത്തുസൂക്ഷിച്ച ബാബുമാർ ജീവിതാന്ത്യത്തിലും അതേ പാത പിന്തുടർന്നു. ഇരുവരുടെയും വേർപാടും സംസ്കാരവും അടുത്തടുത്ത ദിവസങ്ങളിലാണ് നടക്കുന്നത്. ചെന്നിത്തലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിര്യാതരായ പനത്തിലെ ബാബു(75), കാട്ടൂർ അനീഷ് വില്ലയിൽ ബാബു(72) എന്നിവരാണ് പേരിലും ജീവിതത്തിലും മരണത്തിലും സമാനതകളുടെ ഉടമകളായത്.
ചെന്നിത്തല- തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ വാർഡ് 13ലെ താമസക്കാരാണ് ഇരുവരും. സെൻറ് പീറ്റേഴ്സ് മാർത്തോമ്മപള്ളി ഇടവകക്കാർ. മഹാത്മ ബോയ്സ് ഹൈസ്കൂളിലെ പൂർവ വിദ്യാർഥികൾ, ഇരുവരും ദീർഘകാലം ദുബൈയിൽ പ്രവാസ ജീവിതം നയിച്ച് ജോലി ചെയ്തവർ. സഹജീവി സ്നേഹത്താൽ ഒട്ടേറെപേരെ നാട്ടിൽനിന്നും ഗൾഫിലെത്തിച്ച് വിവിധ തൊഴിലുകളിൽ നേടിക്കൊടുത്തു. സുദീർഘമായ പ്രവാസജീവിതം തങ്ങളോടൊപ്പം നാട്ടുകാർക്കും പ്രയോജനപ്രദമാക്കിയ ശേഷം അറബിനാട്ടിലെ തൊഴിൽ മതിയാക്കി നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു ഇരുവരും.
രണ്ടു പേർക്കും മൂന്നുമക്കൾ വീതമാണുള്ളത്. രണ്ട് പെൺകുട്ടികളും ഒരാണും വീതം. ഇരുവരുടേയും ഓരോ മക്കൾ യു.എസ്.എയിൽ. രാജൻ എന്ന് പേരുള്ള ഇരുവരുടെയും ഓരോ സഹോദരന്മാർ നേരത്തെ മരിച്ചു.
വെള്ളി, ശനി ദിവസങ്ങളിലായാണ് രണ്ടുപേരും മരിച്ചത്. മൃതദേഹങ്ങൾ പോലും ഒരേ ആശുപത്രിയിലെ മോർച്ചറിയിൽ താഴെയും മുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. നാളെയും മറ്റന്നാളുമായാണ് ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടക്കുക. ഉച്ചക്ക് രണ്ടിന് ഒരേ സെമിത്തേരിയിലാണ് കബറടക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.