മെസ്സി ‘കള്ളക്കളി’: മുൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വീഴ്ചയെന്ന് രണ്ടാം റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ചീഫ് സെക്രട്ടറി എ. ജയതിലകിനും വീഴ്ച സംഭവിച്ചതായി കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്. സ്വകാര്യ കമ്പനിക്കായി സ്റ്റേഡിയം കൈമാറുന്നതിലും ഇളവുകൾ നൽകുന്നതിലും യോഗങ്ങൾ ചേർന്നതിലുമൊക്കെ ഇരുവർക്കും വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലുകളിൽ ദുരൂഹതയും സംശയിക്കുന്നു. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി)ക്കായി വഴിവിട്ട ഇടപാടുകളാണ് നടന്നത്. കമ്പനിയുടെ വിശ്വാസ്യത പോലും പരിശോധിച്ചില്ല. ഇതുസംബന്ധിച്ച രേഖകൾ പലതും കണ്ടെത്തേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2025 ഒക്ടോബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നാണ് കലൂർ ജവഹർലാൽ നെഹ്റു ഫുട്ബാൾ സ്റ്റേഡിയം കൈമാറ്റത്തിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇത് സ്പോൺസറെ സഹായിക്കാനാണ്.
എന്നാൽ, ഈ യോഗത്തിന്റെ മിനുട്ട്സ് രേഖകളിലില്ല. സർക്കാർ സംവിധാനം സ്വകാര്യ വ്യക്തിക്കായി ഉപയോഗിക്കാനുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടായി. സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് സംശയിക്കുന്നു. ക്രമക്കേടിൽ ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ)ക്കും പങ്കുണ്ടെന്നാണ് സംശയം. സ്റ്റേഡിയത്തിന്റെ വാടക ഒഴിവാക്കി നൽകിയതും അന്വേഷിക്കണം. ആർ.ബി.സി മാനേജിങ് ഡയറക്ടറായ ആന്റോ അഗസ്റ്റിനെ മോണിറ്ററിങ് കമ്മിറ്റി അംഗമാക്കിയതിന്റെ രേഖയും കണ്ടെത്തണം. സ്വകാര്യ വാണിജ്യ പരിപാടിക്കായി സർക്കാർ സംവിധാനത്തിലെ രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറിയാണ്. സെക്രട്ടേറിയറ്റ് മാനുവലിന് വിരുദ്ധമാണിത്. നയപരമായ കാര്യങ്ങളിൽ പ്രൈവറ്റ് സെക്രട്ടറി കത്ത് നൽകാൻ പാടില്ല. മുൻമന്ത്രി വി. അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലന്റെ കത്തുകളെല്ലാം ചട്ടവിരുദ്ധമെന്നാണ് കണ്ടെത്തൽ. മെസ്സിയെ കൊണ്ടുവരാനുള്ള ഇടപാടുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ കണ്ടെത്താനുണ്ട്.
ഇതിന്റെ പേരിൽ സ്പോൺസർ 15 ദശലക്ഷം ഡോളർ വിദേശത്തേക്ക് അയച്ചതിന്റെ ബാങ്ക് രേഖകൾ, ഫോം എ 2 പ്രകാരമുള്ള ഫെമ രേഖകൾ, കരാർ ഒപ്പിടാൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന യു. ഷറഫലിയെ ചുമതലപ്പെടുത്തിയതിന്റെ രേഖ, സ്റ്റേഡിയത്തിനുള്ള വിനോദ നികുതി ഒഴിവാക്കിയതിന്റെ രേഖ എന്നിവയെല്ലാം കണ്ടെത്തണമെന്നാണ് എൻ. പ്രശാന്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

