മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്.ഐ.ടി, വിദേശയാത്ര സംബന്ധിച്ചും മൊഴിയെടുത്തു
text_fieldsമുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഇന്നലെയാണ് ചോദ്യം ചെയ്തത്. വിദേശയാത്ര സംബന്ധിച്ചും വിശദമായ മൊഴിയെടുത്തു. വകുപ്പുകൾ അറിയാതെ നടത്തിയ നീക്കങ്ങളിലും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു.
അതേസമയം, ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന തട്ടിപ്പുകേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ കൂടുതൽ സ്റ്റാഫംഗങ്ങൾ എസ്.ഐ.ടിക്ക് മൊഴി നൽകി. നിയമപരമായ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും മന്ത്രി അത് തിരുത്താൻ തയാറായില്ലെന്ന് അദ്ദേഹത്തിന്റെ അഡീഷണൽ പി.എസ് ആയിരുന്ന ജി.ആർ. രമേശ് മൊഴി നൽകി. ടെൻഡർ നടപടികളില്ലാതെ സ്പോൺസറെ തെരഞ്ഞെടുക്കരുതെന്ന മുന്നറിയിപ്പ് മന്ത്രി അവഗണിച്ചതായും വകുപ്പിലെ കാര്യങ്ങൾ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം തീരുമാനിച്ചതെന്നും മൊഴിയിൽ പറയുന്നു.
എയ്ഡഡ് കോളജ് അധ്യാപികയുടെ സേവനം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മന്ത്രി അത് ചെവിക്കൊണ്ടില്ല. മന്ത്രിയുടെ സുഹൃത്ത് എന്ന നിലയിൽ ഔദ്യോഗിക മെയിലുകൾ കൈകാര്യം ചെയ്യാൻ അവർക്ക് അനുമതി നൽകിയെന്നും മൊഴി നൽകിയിട്ടുണ്ട്. നേരത്തെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലും മന്ത്രിക്ക് വിരുദ്ധമായി എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
'റിപ്പോർട്ടറെ' സ്പോൺസർ ആക്കാനുള്ള തീരുമാനം മന്ത്രിയുടേത് മാത്രമായിരുന്നുവെന്നും ടെൻഡറില്ലാതെ സ്പോൺസറെ വെക്കരുതെന്ന് ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പ് മന്ത്രി തള്ളിക്കളഞ്ഞുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്പോൺസർ ആന്റോയുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിട്ടും മന്ത്രി അത് അവഗണിച്ചെന്നും മൊഴിയിലുണ്ട്. എന്നാൽ, ഈ വാർത്ത സത്യപാൽ നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

