മെസി കേസിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യ ഹരജി: ഇന്ന് വിധി
text_fieldsകൊച്ചി: മെസി അടങ്ങുന്ന അർജന്റീനിയൻ ഫുട്ബാൾ ടീമിനെ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറയും. തൽക്കാലം അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിന് മുന്നോടിയായ നോട്ടിസ് നൽകുമെന്നും വ്യാഴാഴ്ച ഹരജിയിൽ വാദത്തിനിടെ പൊലീസ് അറിയിച്ചു.
തുടർന്നാണ് ഹരജി വിധി പറയാനായി മാറ്റിയത്. മുഖ്യന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വക്താവ് രാജു പി. നായർ നൽകിയ പരാതിയിലെടുത്ത കേസിലെ മുൻകൂർ ജാമ്യ ഹരജി ശനിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്.
അതേസമയം, കൊച്ചി റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറൻസികൾ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കളമശേരി മജിസ്ട്രേറ്റ് കോടയിൽ ഹരജി നൽകി. റെയ്ഡിനിടെ 6500 ഡോളറുകളും 400 കെനിയൻ കറൻസിയുമാണ് ആന്റോ അഗസ്റ്റിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തത്. ഈ തുക യാത്രകൾക്കും മറ്റും വേണ്ടി കരുതിയതാണെന്നും കെനിയൻ കറൻസിയുടെ മൂല്യം 300 ഇന്ത്യൻ രൂപയുടേതിനേക്കാൾ കുറവാണെന്നുമാണ് ഹരജിക്കാരന്റെ വാദം.
എന്നാൽ, പിടിച്ചെടുത്ത കറന്‍സികളില്‍ ചിലത് വ്യാജമാണോ എന്നതടക്കം കാര്യങ്ങളില്‍ സംശയ നിവാരണം വരുത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മാത്രമല്ല, ഇതുവമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദായനികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ പണം തിരിച്ചുനല്‍കാന്‍ കഴിയൂവെന്നും പൊലീസ് അറിയിച്ചു. തുടർന്ന് കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

