മെസ്സി തട്ടിപ്പ്: വി അബ്ദുറഹ്മാൻ പ്രതി
text_fieldsതിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ എസ്.ഐ.ടി പ്രതിചേർത്തു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പ്രതിചേർത്തിട്ടുണ്ട്. തിങ്കളാഴ്ച കളമശ്ശേരി കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
മെസ്സിയെ കൊണ്ടുവരാനുള്ള പരിപാടിയുടെ സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കായി (ആർ.ബി.സി) മന്ത്രിയെന്ന നിലയിൽ വി. അബ്ദുറഹ്മാൻ അധികാര ദുർവിനിയോഗം ചെയ്ത് വഴിവിട്ട് ഇടപെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. അബ്ദുറഹ്മാനെ പ്രതി ചേർത്ത് തുടരന്വേഷണത്തിന് ഗവർണർ ഓംപ്രകാശ് മാഥൂറിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി തുടർനടപടി സ്വീകരിക്കുകയായിരുന്നു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ മൂവാറ്റുപഴ വിജിലൻസ് കോടതിയിലും എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിക്കുമെന്ന് സൂചനയുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലൻ ഇല്ലാത്ത അധികാരം പ്രയോഗിച്ചെന്നും അനാവശ്യ ഇടപെടൽ നടത്തിയെന്നുമാണ് കണ്ടെത്തൽ.
കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന യു. ഷറഫലി കരാറുണ്ടാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്പോൺസർക്കായി സാക്ഷിയായി ഒപ്പിട്ടെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്നുമുള്ള കണ്ടെത്തലും എസ്.ഐ.ടി നടത്തി. തുടരന്വേഷണത്തിൽ നിലവിൽ സംശയമുള്ള പല കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ടെന്നും പറയുന്നു. മുൻ മന്ത്രിയും സ്പോൺസറും ഉൾപ്പെടെ അഞ്ച് പേരാണ് നിലവിൽ പ്രതികളെങ്കിലും തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എസ്.ഐ.ടി വൃത്തങ്ങളിൽനിന്നുള്ള സൂചന.
അബ്ദുറഹ്മാനെ പ്രതിചേര്‍ത്തത് ഗവര്‍ണറുടെ അനുമതിയോടെ -ചെന്നിത്തല
തിരുവനന്തപുരം: മെസ്സി വിവാദത്തില്‍ മുന്‍മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേര്‍ത്തത് ഗവര്‍ണറുടെ അനുമതിയോടെയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മുന്‍മന്ത്രിയുടെ പേരില്‍ കേസെടുക്കാന്‍ തീരുമാനിച്ചത്. കായികവകുപ്പിന്റെ ശിപാര്‍ശ പ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
സ്പോണ്‍സറെ കണ്ടെത്തിയ കാര്യങ്ങളില്‍ ഉള്‍പ്പെടെ നടന്നത് വളരെ ദുരൂഹമായ ഇടപാടുകളാണ്. നിഷ്പക്ഷവും നീതിപൂര്‍വവുമായ നിലയില്‍ അന്വേഷണം മുന്നോട്ടുപോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

