അട്ടപ്പാടിയിൽ രാജമാണിക്യം കണ്ടത് ഭൂമാഫിയയുടെ മഹാതാണ്ഡവം
text_fieldsറവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം അട്ടപ്പാടിയിലെ ആദിവാസി മേഖലകൾ സന്ദർശിച്ചപ്പോൾ
തൃശൂർ: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യവും സംഘവും അട്ടപ്പാടിയിൽ കണ്ടത് ഭൂമാഫിയ സംഘത്തിന്‍റെ മഹാതാണ്ഡവം. ആദിവാസികളുടെ ഊരുഭൂമികൾ പോലും വൈദ്യുതി കമ്പിവേലി നാട്ടി പിടിച്ചെടുത്തിരിക്കുന്നത് രാജമാണിക്യം നേരിൽ കണ്ടു. കുന്നുകൾ ഇടിച്ചു നിരത്തി നീർച്ചാലികളും നീരുറവകളും ജെ.സി.ബി ഉപയോഗിച്ച് നികത്തിയിരിക്കുന്നു. രണ്ട് ആധാരങ്ങൾ ഉണ്ടാക്കിയാണ് തട്ടിയെടുത്തതെന്ന് ആദിവാസികൾ പറഞ്ഞു.
മൂലഗംഗലിൽ വനം വകുപ്പിന്റെ ജണ്ടക്ക് അപ്പുറവും ഇപ്പുറവും ഭൂമി കൈയേറിയിരിക്കുന്നു. ഇപ്പോഴും ഭൂമി പിടിച്ചെടുക്കുന്നതിനുള്ള യുദ്ധത്തിന്‍റെ റിഹേഴ്സൽ അട്ടപ്പാടിയിൽ നടക്കുന്നുണ്ടെന്ന് ആദിവാസികൾ പറഞ്ഞു. ആദിവാസികളുടെ അനുഭവങ്ങൾ കേട്ട് റവന്യൂ സെക്രട്ടറിക്ക് തലപെരുത്തു. അട്ടപ്പാടിയിലെ സർക്കാർ സംവിധാനം ഭൂമാഫിയക്ക് ഒപ്പമാണെന്ന് റവന്യൂ സെക്രട്ടറിക്ക് ബോധ്യമായി.
ഭൂമിയെല്ലാം ആദിവാസികൾക്ക് നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന റവന്യൂ സെക്രട്ടറി ചോദ്യത്തിന് മുന്നിൽ റവന്യൂ- വനം ഉദ്യോഗസ്ഥർ വിയർത്തു. ആദിവാസി ഭൂമിയാണെന്നതിന് രേഖകളിലിലെന്നായിരുന്നു തഹസിൽദാരുടെ മറുപടി. സെറ്റിൽമെന്‍റ് രേഖകളിൽ പേരുണ്ട് എന്ന് ആദിവാസികൾ വാദിച്ചു. സെറ്റിൽമെന്‍റ് രേഖ പരിശോധിക്കാതെ ജില്ലാ സർവേ ഓഫിസർ എന്താണ് ചെയ്തതെന്നും അദ്ദേഹം അന്വേഷിച്ചു.
ഒരു സബ് ഡിവിഷനിലെ സെറ്റിൽമെന്റ് രേഖയുടെ പകർപ്പിന് 750 രൂപയാണ് വാങ്ങുന്നതെന്ന് ആദിവാസികൾ പറഞ്ഞു. സെറ്റിൽമെൻറ് രേഖയില്ലെന്ന് പറഞ്ഞ സർവേ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഒരു ആദിവാസി അമ്മ സെറ്റിൽമെൻറ് രജിസ്റ്ററിന്‍റെ ചില പേജുകൾ എടുത്ത് കാണിച്ചു. അതെല്ലാം റവന്യൂ സെക്രട്ടറി മൊബൈലിൽ പകർത്തി.
ഭൂമി കൈയേറാൻ എത്തുന്നവരെ ആദിവാസികൾ എന്തുകൊണ്ട് തടയുന്നില്ല എന്നായിരുന്നു രാജമാണിക്യത്തിന്റെ അടുത്ത ചോദ്യം. ആദ്യം തടയും ഭൂമാഫിയ സംഘം തിരിച്ച് പോകും. പിന്നീട് കോടതി ഉത്തരവും വൻ പൊലീസ് സന്നാഹമുമായി എത്തുമ്പോൾ എങ്ങനെ തടയുമെന്നായി ആദിവാസികൾ. പൊലീസും റവന്യൂ, വനം, പട്ടികവർഗ ഉദ്യോഗസ്ഥരും ഭൂമി മാഫിയക്ക് ഒപ്പമാണെന്ന് ആദിവാസികൾ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ എല്ലാം ഒറ്റക്കെട്ടായി മാഫിയക്കൊപ്പം നിൽക്കുമ്പോൾ എന്ത് ചെയ്യും എന്നാണ് ആദിവാസികളുടെ ചോദ്യം.
ആദിവാസികളുടെ ഈ ചോദ്യത്തിന് മുന്നിൽ രാജമാണിക്യം നിസഹായനായി. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ മരിക്കാൻ വിധിക്കപ്പെട്ടവരാണ് അട്ടപ്പാടിയിലെ ആദിവാസികളെന്ന് അദ്ദേഹത്തിന് മനസിലായി. സെക്രട്ടറിയേറ്റിനുള്ളിൽ ഇരുന്ന് ആദിവാസികളുടെ കഥകൾ കേട്ടപ്പോൾ രാജമാണിക്യം സ്വപ്നത്തിൽ പോലും ഇത്രയും വലിയ കൈയേറ്റത്തെ കുറിച്ച് സങ്കൽപ്പിച്ചില്ല.
വ്യാജ ആധാരങ്ങൾ ഉണ്ടാക്കി വൻതോതിൽ ആദിവാസി ഭൂമി കൈയേറുന്നുവെന്ന 'മാധ്യമം' വാർത്തയെ തുടർന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം അട്ടപ്പാടിയിലെ ആദിവാസി മേഖലകൾ സന്ദർശിച്ചത്. സർക്കാർ സംവിധാനം മുഴുവൻ കൈയേറ്റക്കാർക്ക് ഒപ്പം നിൽക്കുമ്പോൾ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എന്ത് ചെയ്യാനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.