ചരിത്രകാരൻ എം.ജി.എസ് നാരായണൻ വിടവാങ്ങി
text_fieldsകോഴിക്കോട്: പ്രമുഖ ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ ശനിയാഴ്ച രാവിലെ 9.30 നാണ് അന്ത്യം.
ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു.കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മേധാവിയുമായിരുന്നു.
മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസ്. നാരായണൻ 1932 ആഗസ്റ്റ് 20ന് പൊന്നാനിയിലാണ് ജനിച്ചത്. നാട്ടിലെ വിദ്യാഭ്യാസശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ആദ്യം അധ്യാപകനായി. 1973ൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി. 1992ൽ വിരമിക്കുന്നതുവരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വകുപ്പിന്റെ തലവനുമായി. 1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർവാഹക സമിതി അംഗമായി. ചരിത്രഗവേഷണകൗൺസിൽ അധ്യക്ഷനായും പ്രവർത്തിച്ചു.
ഇന്ത്യൻ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങൾ, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ, കോഴിക്കോടിന്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും, ജനാധിപത്യവും കമ്യൂണിസവും, പെരുമാൾസ് ഓഫ് കേരള (ഇംഗ്ലീഷ്) തുടങ്ങി നിരവധി ചരിത്രരചനകളാണ് ഇദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത്. 1965ൽ കേരള സർവകലാശാലയുടെ കോഴിക്കോട്ടെ പി.ജി സെൻററിലാണ് അദ്ദേഹം ജോലിക്ക് ചേർന്നത്. 1968ൽ കാലിക്കറ്റ് സർവകലാശാല തുടങ്ങിയതോടെ ചരിത്രപഠനവകുപ്പിന്റെ ഭാഗമായി. '73ൽ റീഡറും '76ൽ പ്രഫസറുമായി. പിന്നീട് സോഷ്യൽ സയൻസിന്റെ ഫാക്കൽറ്റി ഡീനുമായി. പ്രത്യേക ലൈബ്രറിയും ഹിസ്റ്ററി മ്യൂസിയവും സ്ഥാപിക്കുന്നതിലും സിലബസുകൾ പരിഷ്കരിക്കുന്നതിലും സെമസ്റ്റർ സിസ്റ്റം കൊണ്ടുവന്നതിലും ഇദ്ദേഹം വലിയ പങ്കുവഹിച്ചു.
ദേശീയ, അന്താരാഷ്ട്ര സെമിനാറുകളിൽ നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിച്ചും ശ്രദ്ധനേടി. വെട്ടഴുത്തും തമിഴും സംസ്കൃതവും ബ്രാഹ്മിയുമെല്ലാം ഈ പണ്ഡിതനറിയാം. എട്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള, മധ്യകാല കേരളചരിത്രമാണ് ഇദ്ദേഹത്തിന്റെ 'പെരുമാള്‍സ് ഓഫ് കേരള'. ഇളംകുളം കുഞ്ഞന്‍പിള്ളയായിരുന്നു എം.ജി.എസിന്റെ ഗുരുവും വഴികാട്ടിയും. വാജ്പേയി സർക്കാർ അധികാരത്തിലുള്ളപ്പോഴാണ് ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായത്.
ഭാര്യ പ്രേമലതക്കൊപ്പം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ മൈത്രിയിലായിരുന്നു താമസിച്ചിരുന്നത്. വിജയ് കുമാർ (റിട്ട. എയർഫോഴ്സ്), വിനയ മനോജ് (നർത്തകി) എന്നിവരാണ് മക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.