മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസിനെയും പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതെന്ന് അജിത് പവാർ പക്ഷം; അവഗണിക്കുന്നുവെന്ന് ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായും ഒപ്പംനിന്നില്ലെങ്കിൽ നിയമസഭാംഗത്വം അസാധുവാക്കുമെന്നും കാട്ടി മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസ് എം.എൽ.എക്കും എൻ.സി.പി അജിത് പവാർ പക്ഷത്തിന്റെ നോട്ടീസ്. എം.എൽ.എ സ്ഥാനം ഒരാഴ്ചക്കകം രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കുമെന്നാണ് ഭീഷണി. അച്ചടക്കം ലംഘിച്ചതിനാണ് സസ്പെൻഷനെന്നും ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ അയച്ച നോട്ടീസിൽ പറയുന്നു.
മഹാരാഷ്ട്രയിൽ എൻ.സി.പിയിൽ പിളർപ്പുണ്ടാക്കി അജിത് പവാറും സംഘവും എന്.ഡി.എയിലേക്ക് പോയെങ്കിലും കേരളത്തിലെ രണ്ട് നിയമസഭാംഗങ്ങളും ശരത്പവാറിനൊപ്പമാണ്. അതേസമയം, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ക്ലോക്ക് ചിഹ്നം അജിത് പവാർ പക്ഷത്തിനാണ് സുപ്രീംകോടതി അനുവദിച്ചത്. ഔദ്യോഗിക വിഭാഗമായി തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചതും അജിത് പവാർ വിഭാഗത്തെയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് 2021ൽ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച എ.കെ. ശശീന്ദ്രനോടും തോമസ് കെ. തോമസിനോടുമുള്ള അജിത് പവാർ പക്ഷത്തിന്റെ ഭീഷണി.
ഇരുവരും തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ല. ഇതിനിടെ തോമസ് കെ. തോമസ് ‘മറ്റൊരു പാർട്ടി’യുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. രാജി ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനാൽ പാർട്ടിയുടെ അച്ചടക്ക കമ്മിറ്റി ആറ് വർഷത്തേക്ക് വിലയ്ക്കുന്നതായാണ് നോട്ടീസിലുള്ളത്.
അതേസമയം, നോട്ടീസിനെ ഗൗരവമായി കാണുന്നില്ലെന്നും സംഘടന ഭരണഘടന പ്രകാരം അത് നിലനിൽക്കില്ലെന്നും അവഗണിക്കുന്നുവെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നിയമവിദഗ്ദരുമായി ആലോചിച്ച് മറുപടി നൽകുന്ന കാര്യം പരിഗണിക്കും. വർക്കിങ് പ്രസിഡന്റ് എന്ന പേരിലാണ് പ്രഫുൽ പട്ടേൽ നോട്ടീസ് അയച്ചത്. പാർട്ടി ഭരണഘടന പ്രകാരം ഇങ്ങനെയൊരു പദവി ഇല്ല. ഇല്ലാത്ത പദവിയിൽ നിന്നയച്ച നോട്ടീസ് നിലനിൽക്കില്ല. എൻ.സി.പി ദേശീയ പാർട്ടിയാണ്. മഹാരാഷ്ട്രയിൽ മാത്രമാണ് പിളർപ്പുണ്ടായത്. കേരളത്തിലെ രണ്ട് എം.എൽ.എമാരും ഒരേ പക്ഷത്ത് ഉറച്ചുനിൽക്കുകയാണ്. ആരാണ് യാഥാർഥ എൻ.സി.പി എന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളത്തിലെ നിലവിലെ സാഹചര്യം വെച്ച് എം.എൽ.എമാരെ അയോഗ്യരാക്കാൻ കഴില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.