ചർച്ച ചെയ്തത് പൊലീസിൽ പരാതി നൽകുന്നതും അംബുലൻസ് വിളിക്കുന്നതും; വനിത കമീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ
text_fieldsമന്ത്രി ബിന്ദു കൃഷ്ണ
ന്യൂഡൽഹി: ദേശീയ വനിതാ കമീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. ഒരുപാട് പ്രതീക്ഷയോടെയാണ് ദേശീയ വനിതാ കമീഷന്റെ ദ്വിദിന ക്യാമ്പിന് പോയത്.
എന്നാൽ, പൊലീസിൽ പരാതി നൽകുന്നതുമായി ബന്ധപ്പെട്ടും ആംബുലൻസ് വിളിക്കുന്നതിനെ കുറിച്ചുമായിരുന്നു മുഴുവൻ സമയ ചർച്ചകളെന്നും മന്ത്രി പരിഹസിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നുമായി 390ലേറെ എം.എൽ.എമാർ പരിശീലന ക്യാമ്പിനെത്തിയിരുന്നു.
പരിപാടിയിൽ ഹിന്ദി മാത്രമാണ് ആശയവിനിയമത്തിനുള്ള മാധ്യമമാക്കിയത്. ഇത് കേരളത്തിലെ എം.എൽ.എമാർ ചോദ്യം ചെയ്തു. എല്ലാ സെഷനുകളും ഹിന്ദിയിലായിരുന്നു. തങ്ങൾ ദക്ഷിണേന്ത്യയിൽനിന്നുള്ളവരാണെന്നും മനസിലാകാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ ഇംഗ്ലീഷ് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്നും ബിന്ദു കൃഷ്ണ പറയുന്നു.
ഇതിനിടെ ഹിന്ദി രാഷ്ട്രഭാഷയാണെന്നും ഹിന്ദിയിൽതന്നെ ചർച്ചകൾ നടക്കുമെന്നും ഉത്തരേന്ത്യയിലെ എം.എൽ.എമാർ വിളിച്ചു പറഞ്ഞതോടെ വാഗ്വാദമായി. പരിശീലന ഹാളിൽ ജയ്ശ്രീ രാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഇതിനിടെ ഹിന്ദി അറിയില്ലെങ്കിൽ മലയാളി എം.എൽ.എമാരെ പഠിപ്പിക്കാമെന്ന് ഉത്തർപ്രദേശിലെ ഒരു എം.എൽ.എ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ ദേശീയ വനിതാ കമീഷന്റെ ദ്വിദിന പരിശീലന പരിപാടിയിൽനിന്ന് കേരള അംഗങ്ങൾ ഇറങ്ങിപ്പോയി.
ഹാളിൽ പ്രതിഷേധങ്ങൾ നടക്കുമ്പോഴും ദേശീയ വനിതാ കമീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ നിശബ്ദത പാലിച്ചെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. ദേശീയതലത്തിലുള്ള പരിപാടിയിൽ എല്ലാ സംസ്ഥാനക്കാരെയും പരിഗണിച്ചൊരു മൊഡ്യൂൾ തയാറാക്കാൻ ദേശീയ വനിതാ കമീഷൻ തയാറാകാത്തതിൽ നിരാശയുണ്ടെന്ന് മന്ത്രി കെ.എ. തുളസി പ്രതികരിച്ചു. ഹിന്ദി എന്ന ഭാഷയല്ല പ്രശ്നം മറിച്ച് ദേശീയതലത്തിൽ എല്ലാ എം.എൽ.എമാരെയും ഉൾക്കൊള്ളാനുള്ള നടപടി കമീഷന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
ഹരിയാനയിലെ ഫരീദബാദിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. നേതൃത്വപാടവം, നിയമനിർമാണ പ്രവർത്തനം, പൊതുനയം, ലിംഗസമത്വം എന്നിവയിലൂന്നിയ ക്ലാസുകൾക്ക് പുറമേ ജനപ്രതിനിധികൾക്ക് അനുഭവങ്ങൾ പങ്കുവെക്കാനും പ്രത്യേക സെഷനുകളുണ്ടായിരുന്നു. ഉഷാ വിജയൻ, കെ.കെ. രമ, ഉമ തോമസ്, വിദ്യാ ബാലകൃഷ്ണൻ എന്നീ എം.എൽ.എമാരും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

