ബംഗളൂരു കെ.എസ്.ആർ.ടി.സി ബസപകടം; ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം -മന്ത്രി സി.പി. ജോൺ
text_fieldsകോഴിക്കോട്: കർണാടകയിൽ കെ.എസ്.ആർ.ടി.സി ബസപകടത്തിൽ മരിച്ച ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സി.പി. ജോൺ. സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ എൻ.എം. അരുണിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടിയിലധികം രൂപ ഇൻഷുറൻസ് വഴി ലഭ്യമാക്കും. ഡ്രൈവർ കെ. മിഥിലേഷ് താൽക്കാലിക ജീവനക്കാരനാണന്നും നിലവിലെ രീതിയനുസരിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാരം വർധിപ്പിക്കുന്നതിന്, അതു നൽകേണ്ട എസ്.ബി.ഐയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചർച്ച പൂർത്തിയാകുന്നതോടെ അർഹമായ നഷ്ടപരിഹാരം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൽകാലിക ജീവനക്കാരൻ അപകടത്തിൽ മരിച്ചാൽ ആശ്രിതർക്ക് താൽക്കാലികമായെങ്കിലും ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ബംഗളൂരു അപകടം സംബന്ധിച്ച് പോസ്റ്റ് ക്രാഷ് എൻക്വയറി നടത്തിയിരുന്നു. വലിയ പഴക്കമില്ലാത്ത, ബസായിരുന്നു സർവിസ് നടത്തിയത്. സാധാരണയായി ലോങ് ട്രിപ്പ് ഓടിക്കുന്ന മിടുക്കനായ ഡ്രൈവർ തന്നെയാണ് വാഹനം ഓടിച്ചത്. തൊട്ടുമുമ്പത്തെ ഡ്യൂട്ടിയിൽനിന്ന് സൈൻ ഓഫ് ചെയ്തശേഷം 16 മണിക്കൂറിന് ശേഷമാണ് ഡ്രൈവർ വീണ്ടും ഡ്യൂട്ടിക്ക് സൈൻ ഓൺ ചെയ്തത്. അതിൽനിന്ന് മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നത് വ്യക്തമാണ്.
ഇതര സംസ്ഥാനങ്ങളിലേക്കുള്ള സർവിസുകൾക്കായി പൂർണമായും പുതിയ ബസുകൾ നൽകാൻ നിലവിൽ സാധിക്കില്ല. എങ്കിലും നവീകരിച്ച ബസുകൾ ലഭ്യമാക്കുന്നുണ്ട്. പുതിയ നിയമനങ്ങളിൽ കണ്ടക്ടർ കം ഡ്രൈവർ (മൾട്ടി ടാസ്കിങ്) രീതി പരിഗണിക്കുമെന്നും അസാധാരണ പ്രളയസാഹചര്യത്തിൽ ഇത്തരം നടപടികൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

