Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളി സാർ...

വെള്ളാപ്പള്ളി സാർ മുഖ്യമന്ത്രിയുടെ കാറിൽ കയറിയാൽ എന്താ? രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടാവുമോ? -ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
വെള്ളാപ്പള്ളി സാർ മുഖ്യമന്ത്രിയുടെ കാറിൽ കയറിയാൽ എന്താ? രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടാവുമോ? -ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ
cancel

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കയറിയതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി നടേശൻ സാറോ സുകുമാരൻ സാറോ ഏതെങ്കിലും ഒരു ബിഷപ്പോ കയറിയാൽ കേരളത്തിൽ എന്താ രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടാവുമോ എന്ന് അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ട് സി.പി.എമ്മിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ന്യായീകരണം.

പമ്പയിൽ സർക്കാർ മുൻകൈയടുത്ത് ഇക്കഴിഞ്ഞ സെപ്തംബർ 20ന് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനാണ് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയോടൊപ്പം കാറിൽ എത്തിയത്. പ്രായമുള്ള വെള്ളാപ്പള്ളിക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് കയറിയതായിരിക്കുമെന്നാണ് സജി ചെറിയാൻ പറഞ്ഞത്.

‘ബഹുമാന്യനായ വെള്ളാപ്പള്ളി നടേശൻ കയറി വരുന്നത് ഒമ്പതര-ഒമ്പതേമുക്കാലിനാണ്. ഞാൻ അവിടെ ചെന്ന് ഇരുന്ന് കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം വരുന്നത്. ‘മുഖ്യമന്ത്രി എവിടെ’ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇന്ന മുറിയിൽ ഉണ്ട് എന്ന് ഞാൻ പറഞ്ഞു. അതുകഴിഞ്ഞ് മുഖ്യമന്ത്രി ഇറങ്ങി വന്ന് അദ്ദേഹത്തോട് സംസാരിച്ചു. എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു. ഒരുമിച്ച് മുറ്റത്തോട്ട് ഇറങ്ങി. ഡോർ തുറന്ന് മുഖ്യമന്ത്രിയുടെ വണ്ടിയിൽ അദ്ദേഹം കയറി. 50- 100 മീറ്റർ അപ്പുറത്തേക്കാണ് പോയത്.

മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി സാറോ സുകുമാരൻ സാറോ ഏതെങ്കിലും ഒരു ബിഷപ്പോ കയറിയാൽ കേരളത്തിൽ എന്താ രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടാവുമോ? യാദൃശ്ചികമായ സംഭവത്തെ പർവതീകരിച്ചിട്ട്, മുഖ്യമന്ത്രിയുടെ വണ്ടിയിൽ ഒരു മതനേതാവ് കയറി എന്ന തരത്തിൽ യു.ഡി.എഫ് അത് ഒരു കാമ്പയിനാക്കി. മുഖ്യമന്ത്രിയുടെ വണ്ടിയിൽ മതനേതാക്കൻമാർ പലരും കയറിക്കാണും. അതിനെന്താ? മതനേതാക്കളുടെ വണ്ടിയിൽ ഞങ്ങൾ രാഷ്ട്രീയക്കാർ കയറാറില്ലേ?’ -സജി ചെറിയാൻ ചോദിച്ചു.

അതേസമയം, താൻ മുഖ്യമന്ത്രിയുടെ വാഹനത്തിൽ പോയതിനെ ചിലർ പരിഹസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാതിരിക്കാൻ തനിക്കെന്താ അയിത്തമുണ്ടോ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ കാറിനേക്കാൾ വലിയ കാറുള്ളവനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ‘ആഗോള അയ്യപ്പ സംഗമത്തെ എസ്.എൻ.ഡി.പി യോഗം മാത്രമല്ല എൻ.എസ്.എസും പിന്തുണച്ചിരുന്നു. അവരും പ്രതിനിധിയെ അയച്ചിരുന്നു. അതിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നതു മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് എൻ.എൻ.എസിനെ കുറ്റപ്പെടുത്താത്തത്? പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ പേരിൽ എന്നെമാത്രം ചിലർ കുറ്റപ്പെടുത്തുന്നത്?

മുന്നണികൾ മത-സാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താൻ മാത്രമല്ല എൻ.എസ്.എസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവർക്ക് സ്കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നൽകാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വർഗീയപ്രചാരണം നടത്തുന്നത് മുസ്‌ലിം ലീഗല്ലേ? കോൺഗ്രസ് അവർ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്? 24 മണിക്കൂറും വർഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോൺഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോൺഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കൾ തിരിച്ചറിയുന്നില്ല. അവർ ലീഗിന് അടിമപ്പെടുകയാണ്’ -വെള്ളാപ്പള്ളി പറഞ്ഞു.

പറയുന്ന കാര്യങ്ങളുടെ വസ്തുത നോക്കാതെ വർഗീയമായി വഴിതിരിച്ചുവിടുന്ന പ്രവണതയാണിപ്പോൾ. ഭൂരിപക്ഷ സമുദായക്കാർ പറയുന്നത് വർഗീയതയും ന്യൂനപക്ഷക്കാർ പറയുന്നത് മതേതരത്വവുമാണെന്ന മട്ടിൽ പ്രചാരണം നടത്തുന്നതാണ് അപകടമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayyappa sangamamPinarayi VijayanSaji CherianVellappally Natesan
News Summary - Minister Saji Cherian justifies Vellappally Natesan in Chief Minister pinarayi vijayan's car
Next Story