800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സജ്ജമെന്ന് മന്ത്രി
text_fieldsവീണ ജോർജ്
തിരുവനന്തപുരം: 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളജുകളിലെ 18 സ്ഥാപനങ്ങൾ കൂടാതെ 33 ജില്ല/ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 512 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്പെഷ്യാലിറ്റി ആശുപത്രികൾ, 3 പബ്ലിക് ഹെൽത്ത് ലാബുകൾ, 5 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്.
തിരുവനന്തപുരം 121, കൊല്ലം 45, പത്തനംതിട്ട 27, ആലപ്പുഴ 49, കോട്ടയം 45, ഇടുക്കി 27, എറണാകുളം 83, തൃശൂർ 79, പാലക്കാട് 57, മലപ്പുറം 81, കോഴിക്കോട് 68, വയനാട് 33, കണ്ണൂർ 55, കാസർഗോഡ് 30 എന്നിങ്ങനെയാണ് ജില്ല അടിസ്ഥാനത്തിൽ ഇ ഹെൽത്ത് സജ്ജമാക്കിയത്. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
എങ്ങനെ യുനീക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?
ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കാൻ ആദ്യം തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അതിന് https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒ.ടി.പി വരും. ഒ.ടി.പി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും.
ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഇതുപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.