‘മാതാവിന് സ്വർണക്കിരീടം കൊടുത്തശേഷം സമുദായത്തെ തകർക്കുന്നു’; കന്യാസ്ത്രീകൾ അറസ്റ്റിലായതിൽ ബി.ജെ.പിയെ വിമർശിച്ച് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ഇടപെടാത്ത കേരളത്തിൽനിന്നുള്ള ബി.ജെ.പി മന്ത്രിമാരെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി നേതാക്കൾ അരമനകൾ കയറിയിറങ്ങുന്നുണ്ടെങ്കിലും നടക്കുന്നത് എതിരായ നടപടികളാണ്. മാതാവിന് സ്വർണക്കിരീടം കൊടുത്ത ശേഷം സമുദായത്തെ തകർക്കുന്ന നടപടികളാണ് സുരേഷ് ഗോപിയടക്കം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.
“തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി നേതാക്കൾ എല്ലാ അരമനകളും കയറി അഭിവന്ദ്യ തിരുമേനിമാരെ കണ്ട് വന്ദിച്ച് വോട്ടു ചോദിക്കും. കേന്ദ്ര സഹമന്ത്രിമാരായ രണ്ടുപേരുണ്ടിവിടെ. ഒറ്റ അക്ഷരം പോലും അവർ മിണ്ടിയിട്ടില്ല. തൃശൂരിൽ തെരഞ്ഞെടുപ്പു കാലത്ത് സുരേഷ് ഗോപി പറഞ്ഞത് എല്ലാവർക്കും ഓർമയുണ്ടാകും. സ്വർക്കിരീടം മാതാവിന് സമർപ്പിച്ചതെല്ലാം എല്ലാവർക്കും അറിയാമല്ലോ. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തശേഷം സമുദായത്തെ തകർക്കുന്നതിനുള്ള നിലപാടാണ് രഹസ്യമായും പരസ്യമായും ഇക്കൂട്ടർ സ്വീകരിക്കുന്നത്” -മന്ത്രി പറഞ്ഞു.
അതേസമയം അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയെന്ന് അവകാശപ്പെട്ട് ബജ്റംഗ്ദൾ ഛത്തീസ്ഗഢിൽ ആഘോഷ പ്രകടനം നടത്തി. കടുത്ത വകുപ്പുകൾ ഉള്ള കേസ് തങ്ങളുടെ പരിധിയിൽ നിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടി ദുർഗ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് വിട്ടുനിന്നുവെന്നും എൻ.ഐ.എ കോടതിക്ക് വിട്ടുവെന്നുമാണ് ബജ്റംഗ്ദൾ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞത്.
നേരത്തെ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് ദുർഗ് സെഷൻസ് കോടതിക്ക് പുറത്ത് സംഘ്പരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗം ബജ്റംഗ്ദളിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സ്ത്രീകളും യുവാക്കളും അടക്കമുള്ള തീവ്രഹിന്ദുത്വവാദികൾ ജയ്ശ്രീറാം മുഴക്കിയാണ് പ്രതിഷേധിച്ചത്. ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. സെഷൻസ് കോടതിയും കൈയൊഴിഞ്ഞതോടെ കേസ് കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയാണ്.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബി.എന്‍.എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകളെ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.