'മന്ത്രീ രണ്ടുവർത്താനം പറയരുത്..'; മന്ത്രി വീണ ജോർജും മഞ്ചേരി നഗരസഭ ചെയർപേഴ്സനും വേദിയിൽ ഏറ്റുമുട്ടി
text_fieldsമലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി വീണ ജോർജുമായി പൊതുവേദിയിൽ വാക്കുതർക്കത്തിലേർപ്പെട്ട് നഗരസഭ ചെയർപേഴ്സൺ വി.എൻ.സുബൈദ. ജനറൽ ആശുപത്രിക്കായി വാങ്ങിയ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
ആശുപത്രി ഡെവലപ്പ്മെന്റ് അതോറിറ്റി വാങ്ങിയ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് പരിപാടിയിൽ അധ്യക്ഷനായിരുന്ന യു.എ ലത്തീഫ് മന്ത്രിയോട് അഭ്യർഥിച്ചു.
എന്നാൽ, 2016ൽ തന്നെ മഞ്ചേരി ജനറൽ ആശുപത്രി നഗരസഭക്ക് കൈമാറിയിട്ടുണ്ടെന്നും ഇനി കാര്യങ്ങൾ ചെയ്യേണ്ടത് അവരാണെന്നും മന്ത്രി മറുപടിയായി മൈക്കിലൂടെ തന്നെ പറഞ്ഞു. ഇതിനിടെയാണ് നഗരസഭ ചെയർപേഴ്സൺ ഇടപെട്ടത്. ഇത് വാസ്തവ വിരുദ്ധമാണെന്നും ഔദ്യോഗിക വിവരം ലഭിച്ചില്ലെന്നും ചെയർപേഴ്സൺ വി.എൻ.സുബൈദ പറഞ്ഞു. ഇതോടെ മന്ത്രി തന്റെ കൈയിൽ അതിന്റെ സർക്കാർ ഉത്തരവുണ്ടെന്ന് പറഞ്ഞു. കുറച്ച് രേഖകൾ ഉയർത്തികാണിച്ചു.
'നിങ്ങൾ രണ്ടുവർത്താനമാണ് പറയുന്നത്. ആദ്യം പറഞ്ഞത് ഇല്ലായെന്നായിരുന്നു. ഇപ്പോൾ മാറ്റിപറയുന്നു' എന്ന് പറഞ്ഞ് ചെയർപേഴ്സൺ മന്ത്രിക്കരികിലേക്ക് വന്നു. ഇതോടെ, കൈയിലുള്ളത് അതിന്റെ ഉത്തരവാണെന്ന് പറഞ്ഞ് മന്ത്രി ഇറങ്ങിപോകുകയായിരുന്നു. മന്ത്രി വേദിവിട്ടെങ്കിലും ഈ വാക്കേറ്റം പരിസരം വിട്ടിരുന്നില്ല. ചെയർപേഴ്സണ് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐയും വന്നതോടെ സ്ഥലത്ത് അൽപസമയം സംഘർഷാന്തരീക്ഷമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.