അനാഥാലയത്തിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം: ആറുപേര്‍ അറസ്റ്റില്‍
text_fieldsകല്‍പറ്റ: അനാഥാലയത്തിലെ അന്തേവാസികളായ ഏഴു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ ആറു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് കല്‍പറ്റ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ടതായി ജില്ല പൊലീസ് മേധാവി രാജ്പാല്‍ മീണ അറിയിച്ചു. തെളിവെടുപ്പു പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രതികളുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഓര്‍ഫനേജ് അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഊര്‍ജിത അന്വേഷണം നടത്തിയാണ് പൊലീസ് രണ്ടു ദിവസത്തിനകം പ്രതികളെ വലയിലാക്കിയത്. അനാഥാലയ പരിസരവാസികളാണ് അറസ്റ്റിലായവരെല്ലാവരും.
ഓര്‍ഫനേജിന് മുന്നിലെ രണ്ടു കടകള്‍ കേന്ദ്രീകരിച്ച് നടന്ന പീഡനം ശ്രദ്ധയില്‍പെട്ട അനാഥശാല അധികൃതര്‍ കല്‍പറ്റ പൊലീസ്, ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച് നാലിന് വൈകീട്ട് പെണ്‍കുട്ടികളിലൊരാള്‍ ഒരു കടയില്‍നിന്ന് ഇറങ്ങിവരുന്നത് ശ്രദ്ധയില്‍പെട്ട വാച്ച്മാന്‍ ഇക്കാര്യം ഓഫിസില്‍ അറിയിച്ചതോടെ അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. കുട്ടികളെ കൗണ്‍സലിങ് നടത്തിയതോടെയാണ് പീഡനവിവരം വ്യക്തമായത്. തുടര്‍ന്ന് രാത്രി ഓര്‍ഫനേജ് അഡ്മിനിസ്ട്രേറ്റര്‍ പൊലീസിലും മറ്റും പരാതി നല്‍കുകയായിരുന്നു. എട്ടാം ക്ളാസില്‍ പഠിക്കുന്ന മൂന്നു കുട്ടികളും ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന നാലു കുട്ടികളുമാണ് പീഡനത്തിനിരയായത്. എല്ലാവരും 15 വയസ്സില്‍ താഴെയുള്ളവരാണ്. 2016 ഡിസംബര്‍ മുതല്‍ പീഡനത്തിനിരയായതായാണ് കുട്ടികള്‍ മൊഴി നല്‍കിയിട്ടുള്ളത്. ഓര്‍ഫനേജ് കാമ്പസിലെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ 500 മീറ്റര്‍ അകലെയുള്ള ഹോസ്റ്റലിലാണ് താമസിക്കുന്നത്. സ്കൂളിന്‍െറ മുന്‍വശത്ത് മെയിന്‍ ഗേറ്റിന് എതിര്‍വശം കേസിലെ ഒരു പ്രതി ഹോട്ടല്‍ കച്ചവടവും പലചരക്ക് കച്ചവടവും നടത്തുന്നുണ്ട്. ഹോസ്റ്റലില്‍നിന്ന് സ്കൂളിലേക്ക് വരുമ്പോഴും സ്കൂള്‍ വിട്ട് മടങ്ങിപ്പോകുമ്പോഴും വിദ്യാര്‍ഥിനികളെ കട ഉടമസ്ഥനായ പ്രതിയും മറ്റു പ്രതികളും ചേര്‍ന്ന് മിഠായി, മധുരപലഹാരങ്ങള്‍ എന്നിവ നല്‍കി ഹോട്ടലിന്‍െറ പിന്‍വശത്തുള്ള താല്‍ക്കാലികമായി നിര്‍മിച്ച ഷെഡില്‍ വെച്ച് പല തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. മൊബൈല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പറയപ്പെടുന്നുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ), ഇന്ത്യന്‍ ശിക്ഷാനിയമം 376ാം വകുപ്പ് എന്നിവ പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.