ന്യൂനപക്ഷ സ്കോളർഷിപ്; വെട്ടിയത് 6.81 കോടി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ഒമ്പത് തരം സ്കോളർഷിപ്പുകൾക്കുള്ള ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചതിൽ വ്യാപക പ്രതിഷേധം. ഒമ്പത് സ്കോളർഷിപ്പുകൾക്കായി 2024-25ൽ ഭരണാനുമതി നൽകിയ 13.62 കോടി രൂപയാണ് 6.81 കോടിയായി വെട്ടിക്കുറച്ചത്. ഇതുവഴി മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉപരിപഠനവും പ്രതിസന്ധിയിലാകും.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് പാലോളി കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ മുസ്ലിം വിദ്യാർഥികൾക്കായാണ് ന്യൂനപക്ഷ സ്കോളർഷിപ് പദ്ധതി ആരംഭിച്ചത്. ഇത് പിന്നീട്, 80:20 എന്ന അനുപാതത്തിൽ ലത്തീൻ/ പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് കൂടി അനുവദിച്ചു.
സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കണമെന്ന ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആവശ്യവും ഇതിനനുസൃതമായ ഹൈകോടതി വിധിയും അടിസ്ഥാനമാക്കി അനുപാതം 59:41 ആക്കി മാറ്റി. മുസ്ലിം വിദ്യാർഥികൾക്ക് ലഭിച്ചുവരുന്ന സ്കോളർഷിപ് വിഹിതത്തിൽ കുറവുവരുത്തില്ലെന്ന ഉറപ്പോടെയാണ് ജനസംഖ്യാനുപാതികമാക്കി മാറ്റിയത്. ഇതുപ്രകാരം സ്കോളർഷിപ്പിനുള്ള ബജറ്റ് വിഹിതത്തിൽ 2021ൽ നേരിയ വർധനയും വരുത്തി. ഇതുപ്രകാരം അനുവദിക്കുന്ന മൊത്തം തുകയിലാണ് 50 ശതമാനവും വെട്ടിക്കുറച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ന്യൂനപക്ഷ സംഘടനകളും സർക്കാറിന്റെ ഏകപക്ഷീയ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മദ്യശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി സർക്കാർ ശ്രദ്ധിക്കണമെന്നും സ്കോളർഷിപ് വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴാണ് പാവപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പിലും കൈവെച്ചത്. സർക്കാറിന്റെ മുൻഗണന ആർക്കാണ്. ജനദ്രോഹ നടപടികളുടെ തുടർച്ചയാണ് സ്കോളർഷിപ്പിലും കാണാൻ സാധിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിനുള്ള വിഹിതം 5.24 കോടി രൂപയിൽ നിന്ന് 2.62 കോടിയായാണ് വെട്ടിക്കുറച്ചത്. സിവിൽ സർവിസ് ഫീസ് റീ ഇംബേഴ്സ്മെന്റ് സ്കീമിനുള്ള വിഹിതം 20 ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമായും വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിഹിതം 1.7 കോടിയിൽ നിന്ന് 85 ലക്ഷമായും ഐ.ഐ.ടി/ഐ.ഐ.എം/ ഐ.ഐ.എസ്സി സ്കോളർഷിപ്പിനുള്ള വിഹിതം 20 ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷവുമായും കുറച്ചു. സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് സ്കോളർഷിപ്പിനായി വകയിരുത്തിയ 57.75 ലക്ഷം 28.87 ലക്ഷമായും യു.ജി.സി, സി.എസ്.ഐ.ആർ -നെറ്റ് പരിശീലനത്തിനുള്ള സ്കോളർഷിപ് വിഹിതം 19.17 ലക്ഷത്തിൽ നിന്ന് 9.58 ലക്ഷമായും ഐ.ടി.സി ഫീസ് റീ ഇംബേഴ്സ്മെന്റിൽ 4.02 കോടി രൂപയുണ്ടായിരുന്നത് 2.01 കോടിയായും കുറച്ചു. നഴ്സിങ് വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പിൽ 67.51 ലക്ഷം 33.75 ലക്ഷമായും എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിനുള്ള 82 ലക്ഷം 41 ലക്ഷവുമാക്കി കുറച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.