മിഷൻ സമുദ്ര: കേരളത്തെ തുറമുഖ നഗരമാക്കും
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടൈനര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍, 17 നോണ്‍ മേജര്‍ തുറമുഖങ്ങള്‍, മറ്റനേകം ജലസ്രോതസ്സുകള്‍ തുടങ്ങിയ സാധ്യതകള്‍ സംയോജിപ്പിച്ച് ‘മിഷൻ സമുദ്ര’ എന്ന സ്വപ്ന പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ ലോക മാരിടൈം ഭൂപടത്തില്‍ വന്‍ ശക്തിയായി ഉയർത്താനുള്ള പദ്ധതിയായി ഇത് മാറും.
കേരളത്തെ തുറമുഖ നഗരമായി വിഭാവനം ചെയ്ത് റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിർമാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള ‘മാരിടൈം സമ്പദ്വ്യവസ്ഥ’യിലേക്ക് സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യം. വന്‍കിട, ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും. ആദ്യഘട്ടത്തില്‍ കാര്യക്ഷമമായ ചരക്ക് ഗതാഗതം, തുടര്‍ന്ന് യാത്രാ സേവനങ്ങള്‍, അവസാന ഘട്ടത്തില്‍ ജലാശയങ്ങളെ ബന്ധിപ്പിച്ച് ഏകീകൃത നെറ്റ്വര്‍ക്ക് എന്നിവ സ്ഥാപിക്കും. പോര്‍ട്ട് സിറ്റി ഉള്‍പ്പെടുന്ന മിഷന് സമുദ്ര പദ്ധതിക്കായി 400 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതകളും ഘടനാപരമായ മാറ്റങ്ങളും പരമ്പരാഗത മാർഗങ്ങളിലൂടെ മാത്രം പരിഹരിക്കാൻ സാധിക്കില്ലെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു. ആധുനികവും നൂതനവുമായ മാർഗങ്ങളിലൂടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും വിവിധ മേഖലകളില്‍ വന്‍കിട നിക്ഷേപം ആകര്‍ഷിച്ച് ഖജനാവില്‍ പണം സമാഹരിക്കുകയും ആ സമ്പത്തിന്റെ നീതിപൂർവമായ വിതരണം ഉറപ്പാക്കാക്കുകയും ചെയ്യാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
മാരിടൈം പോളിസി തയാറാകും
മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉള്‍പ്പെടുന്ന കേരള മാരിടൈം പോളിസി രൂപവത്കരിക്കും. സംസ്ഥാനത്തെ നിർണായകമായ നാല് പ്രധാന നോണ്‍ മേജര്‍ തുറമുഖങ്ങളായ വിഴിഞ്ഞം, കോവളം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ എന്നിവയുടെ വികസനം മുൻനിർത്തിയാണിത്. ഒപ്പം കടല്‍വഴി ചരക്ക് ഗതാഗതത്തിനും മറ്റു തുറമുഖാധിഷ്ഠിത വ്യവസായങ്ങള്‍ക്കും ലോജിസ്റ്റിക്സ്-കപ്പല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു 13 നോണ്‍ മേജര്‍ തുറമുഖങ്ങളിലെ തുറമുഖ ഭൂമികള്‍, കെട്ടിടങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവ പ്രയോജനപ്പെടുത്തലും ഇതിൽപ്പെടുന്നു.
വിഴിഞ്ഞം വികസനം
വിഴിഞ്ഞം ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കാനും ഗതാഗതബന്ധം മെച്ചപ്പെടുത്താനും ബാലരാമപുരം-വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍, വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് എന്നീ പദ്ധതികള്‍ക്കായി സ്ഥലമേറ്റെടുക്കലും നിർമാണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ക്ക് ചുറ്റും നിർമാണ മേഖലകള്‍, സ്റ്റഫിങ് സെന്ററുകള്‍, ഡ്രൈ പോര്‍ട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിങ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി, ഗ്രീന്‍ ബങ്കറിങ് സേവനം നല്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തും. മദര്‍ഷിപ്പ് നിർമാണം, അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പല്‍ നിർമാണ കേന്ദ്രം സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

