ഇനി ഉറങ്ങട്ടെ, മനീഷി...
text_fieldsകൊച്ചി: ഇന്നലെവരെ ‘അസ്തമിക്കാത്ത വെളിച്ച’മായിരുന്നു ആ മനുഷ്യൻ... വാക്കുകളുടെയും ചിന്തയുടെയും ഒഴുക്കിനൊപ്പം ജീവിതത്തെ നയിച്ച, കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക വേദികളിൽ സൗമ്യമായ ഇടിമുഴക്കം തീർത്ത ആ മഹാമനീഷി ഒടുവിൽ കാലത്തിന്റെ ചിതയിൽ എരിഞ്ഞടങ്ങി. ശനിയാഴ്ച അന്തരിച്ച പ്രഫ. എം.കെ. സാനുവിന് കേരളം ആദരവോടെ വിട നൽകി. എറണാകുളം കാരിക്കാമുറിയിലെ സന്ധ്യ എന്ന വസതിയിലും ടൗൺഹാളിലുമായി നടത്തിയ പൊതുദർശനത്തിൽ കേരളത്തിന്റെ പ്രിയപ്പെട്ട സാനു മാഷിനെ അവസാനമായി ഒരുനോക്കുകാണാൻ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ആയിരങ്ങൾ ഒഴുകിയെത്തി.
രാവിലെ 8.30ഓടെയാണ് ആശുപത്രി മോർച്ചറിയിൽനിന്ന് വീട്ടിലെത്തിച്ചത്. നിരവധി പേർ പ്രിയ ഗുരുനാഥനെ കാണാൻ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. മക്കളുടെയും കുടുംബാംഗങ്ങളുടെയും വിലാപം ‘സന്ധ്യ’യെ വേദനയിലാഴ്ത്തി. തുടർന്ന് പതിറ്റാണ്ടുകളുടെ ഓർമകൾ പറയാനുള്ള, ആ വീട്ടിൽനിന്ന് മാഷ് എന്നെന്നേക്കുമായി ഇറങ്ങി. പത്തുമണിയോടെ ടൗൺഹാളിലേക്ക്. അവിടെയും ജനസഞ്ചയം കാത്തുനിൽപ്പുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ്, വി.എൻ. വാസവൻ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ജെബി മേത്തർ, എം.എൽ.എമാരായ ടി.െജ. വിനോദ്, കെ.ജെ മാക്സി, റോജി എം. ജോൺ, കെ. ബാബു, ആന്റണി ജോൺ, ചാണ്ടി ഉമ്മൻ, ഉമ തോമസ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, പി.പി. ചിത്തരഞ്ജൻ, മേയർ എം. അനിൽകുമാർ, ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, കേരള സർക്കാറിന്റെ ഡൽഹി പ്രതിനിധി പ്രഫ. കെ.വി. തോമസ്, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, എഴുത്തുകാരായ സി. രാധാകൃഷ്ണൻ, എം. തോമസ് മാത്യു, സുനിൽ പി. ഇളയിടം, കെ.ആർ. മീര, രാഷ്ട്രീയ നേതാക്കളായ വി.എം. സുധീരൻ, വൈക്കം വിശ്വൻ, എം. സ്വരാജ്, ഡോ. നീലലോഹിത ദാസ് നാടാർ, പി.എസ്. ശ്രീധരൻപിള്ള, കെ.എസ്. രാധാകൃഷ്ണൻ, എ.എൻ. രാധാകൃഷ്ണൻ, പി.സി. ചാക്കോ, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, സെക്രട്ടറി ടി. മുഹമ്മദ് വേളം, അസി. സെക്രട്ടറി നജാത്തുല്ല, കൊച്ചി സിറ്റി ജന. സെക്രട്ടറി സുഹൈൽ ഹാഷിം, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ, നടന്മാരായ ദേവൻ, സിദ്ദീഖ്, കൈലാഷ് തുടങ്ങി നിരവധി പേരാണ് ടൗൺഹാളിൽ അന്തിമോപചാരം അർപ്പിച്ചത്.
വൈകീട്ട് നാലുമണിയോടെ രവിപുരം ശ്മശാനത്തിൽ കൊണ്ടുവന്നു. നാലരയോടെ പൂർണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മൂത്ത മകൻ എം.എസ്. രഞ്ജിത്താണ് ചിതക്ക് തീ കൊളുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.