ഓർമകളിൽ മുഴങ്ങും ആ ദീപ്തസ്വരം
text_fieldsകൊച്ചി: വിടപറഞ്ഞ മലയാളത്തിന്റെ സാഹിത്യ-സാംസ്കാരിക നായകൻ പ്രഫ. എം.കെ. സാനുവിനെ എല്ലാവരും ഓർമിക്കുന്നത് അദ്ദേഹത്തിന്റെ അക്ഷരങ്ങളുടെയും വാക്കുകളുടെയും സൗന്ദര്യശക്തിയെക്കുറിച്ച് പറഞ്ഞാണ്. കൃത്യവും വ്യക്തവുമായ വാക്കുകൾ സ്ഫുടമായും സൗമ്യതയോടും അദ്ദേഹത്തിൽനിന്ന് പ്രവഹിച്ചപ്പോൾ കേട്ടുനിന്നവരെല്ലാം പരിസരം മറന്ന് ആ പ്രഭാഷണങ്ങളിൽ മുഴുകിയിരിക്കാറുണ്ടായിരുന്നു. അന്ത്യോപചാരമർപ്പിക്കാൻ കൊച്ചിയിൽ എത്തിയ നൂറുകണക്കിനാളുകളിൽ പലർക്കും പറയാനുള്ളത് അദ്ദേഹത്തിന്റെ വാക്ധോരണിയും ഓർമശക്തിയും സംബന്ധിച്ചും സംസാരത്തിലെ ലാളിത്യ, ഔന്നത്യ ഭാവങ്ങളെക്കുറിച്ചുമാണ്.
മാഷിന്റെ ക്ലാസും പ്രഭാഷണവും കേട്ടിരിക്കുന്നവർക്ക് ഒരിക്കലും മടുക്കുകയോ എഴുന്നേറ്റുപോകാൻ തോന്നുകയോ ചെയ്യാറില്ലെന്ന് ശിഷ്യന്മാർ ഓർത്തെടുത്തു. മാഷിന്റെ അധ്യാപനത്തിലെ ആകർഷണീയതമൂലം മറ്റു ക്ലാസുകളിൽനിന്നുള്ള കുട്ടികൾ പോലും ക്ലാസിലിരിക്കാൻ എത്താറുണ്ടെന്നും അന്നത്തെ വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. ശിഷ്യഗണത്തിൽപെട്ട പലരും േനരത്തേ ഈ ലോകത്തോട് വിടപറഞ്ഞപ്പോഴും പ്രായത്തെ വെല്ലുന്ന ഓർമശക്തിയും കാലത്തെ തോൽപ്പിക്കുന്ന ജീവിതവുമായി അദ്ദേഹം കൊച്ചിയുടെ സാംസ്കാരിക ഇടങ്ങളിലെ നിത്യസൂര്യനായി തെളിഞ്ഞുനിന്നു.
വർഷങ്ങളോളം സാനു മാഷിന്റെ കർമമണ്ഡലമായിരുന്ന എറണാകുളം മഹാരാജാസ് കോളജിൽനിന്നുള്ള ഒട്ടനവധി പൂർവ ശിഷ്യരാണ് അദ്ദേഹത്തെ യാത്രയാക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒഴുകിയെത്തിയത്. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രിയ ഗുരുനാഥന് അന്ത്യോപചാരം അർപ്പിച്ചു. മുൻ അധ്യക്ഷൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ജനറൽ സെക്രട്ടറി സി.ഐ.സി.സി. ജയചന്ദ്രൻ, മുൻ ഹോം സെക്രട്ടറി കെ.കെ. വിജയകുമാർ, പ്രഫ. കെ. അരവിന്ദാക്ഷൻ, എം.എം. മോനായി, അഡ്വ. കെ.ഡി. വിൻസൻറ് തുടങ്ങിയവർ പ്രണാമമർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.