മോദിയെ കുറിച്ച് പറയാൻ പിണറായി വിജയന് ഭയം -കെ.സി. വേണുഗോപാൽ
text_fieldsതിരുവനന്തപുരം: മോദിയെ കുറിച്ച് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് കെ.സി. വേണുഗോപാൽ. കേന്ദ്ര അന്വേഷണ ഏജൻസികൾ വരുമോയെന്ന പേടിയാണ് അദ്ദേഹത്തിന്. സി.പി.എമ്മും ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗമാണ് പിണറായി വിജയനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്താത്തത്. ബി.ജെ.പിക്കുവേണ്ടിയാണ് സി.പി.എം ഇപ്പോൾ പണിയെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി രാഹുൽഗാന്ധിയെ കുറിച്ച് മോശമായി പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാഹുൽഗാന്ധിയെ കുറിച്ച് മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. ഇത് സി.പി.എമ്മിന്റെ പരാജയ ഭീതിയാണ് തുറന്ന് കാണിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കാലത്തെ അടുക്കളയുടെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും വീട്ടമ്മമാർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്വാധീനം പിണറായി വിജയന് അറിയാം. സ്റ്റാലിൻ പോലുള്ള മുഖ്യമന്ത്രിമാർ ആർജ്ജവത്തോടെ നിലപാടെടുക്കുന്നു. എന്നാൽ, കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെയല്ല. ബി.ജെ.പിയുമായുള്ള ഡീൽ കാര്യങ്ങൾ പുറത്തുവന്നപ്പോഴുള്ള അപകർഷതാ ബോധമാണ് രാഹുൽഗാന്ധിയെ കുറിച്ച് നിരന്തരം ആരോപണങ്ങൾ ഉന്നയിക്കാൻ കാരണം.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യത്തെ പരിപാടി പ്രഖ്യാപിച്ച വീടുകളുടെ പൂർത്തീകരണമാണ്, കരാർ നൽകി, പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ സർക്കാറിനെ പുറത്താക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും. കോൺഗ്രസിൽനിന്ന് ആരെയും കടക്ക് പുറത്ത് എന്ന് പറയില്ല. എല്ലാവരെയും ചേർത്തുനിർത്താൻ ടീം യു.ഡി.എഫിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി, സി.പി.എം പല സീറ്റുകളിലും ഡീൽ നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വി.ഡി. സതീശൻ ആരോപണം ഉന്നയിച്ചിരുന്നു. ഇത് കോൺഗ്രസ് നേതാക്കൾ ഏറ്റെടുക്കുകയും കെ.സി. വേണുഗോപാലടക്കമുള്ള നേതാക്കൾ ഡീൽ ആരോപണം ശരിവെക്കുന്ന രീതിയിൽ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ മറുപടി നൽകിയിരുന്നു. ഗോൾവാൾക്കർ ജന്മ ജന്മശതാബ്ദി ആഘോഷത്തിൽ ഉദ്ഘാടകനായി വി.ഡി. സതീശൻ പങ്കെടുത്ത ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷണമൊത്ത ആർ.എസ്.എസ് നേതാവാണെന്ന് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് വി.ഡി. സതീശൻ മറുപടി നൽകി. പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെ ജയിപ്പിക്കാൻ വേണ്ടിയാണ് സി.പി.എം ദുർബലനായ സ്ഥാനാർഥികളെ നിർത്തിയത്. എ.ഡി.ജി.പിയെ ആർ.എസ്.എസ് നേതാക്കളുടെ അരികിലേക്ക് അയച്ചതും പിടിക്കപ്പെട്ടപ്പോൾ എ.ഡി.ജി.പിയെ സംരക്ഷിച്ചതും മുഖ്യമന്ത്രി പിണറായി വിജയനാണ്. തൃശൂർ പൂരം കലക്കി ബി.ജെ.പിയെ തൃശൂരിൽ ജയിപ്പിച്ച് കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും അട്ടിമറിച്ചതും മുഖ്യമന്ത്രിയാണ്. സംഘ്പരിവാറിന് എതിരായ കോൺഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡ് ക്ലാസ് വേണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

