മാസപ്പടി കേസ്: ഇ.ഡി സമൻസിനെതിരായ സി.എം.ആർ.എൽ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച നടപടി ചോദ്യം ചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) കമ്പനിയും ഉദ്യോഗസ്ഥരും നൽകിയ ഹരജി ഹൈകോടതി തള്ളി.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുന്നതിന്റെ ഭാഗമായി സമൻസ് അയക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അയക്കുന്ന സമൻസിനെതിരെ ഹരജി നൽകുന്നത് അപക്വമായ നടപടിയാണെന്നടക്കം വ്യക്തമാക്കിയാണ് ജസ്റ്റിസ് ടി.ആർ. രവി ഹരജി തള്ളിയത്.
സി.എം.ആർ.എൽ കമ്പനി എക്സാലോജിക് സൊലൂഷൻസിന് ഇല്ലാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്നായിരുന്നു ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. കമ്പനിക്ക് ഈ ബോർഡിന്റെ ഇളവുകൾ ലഭിച്ചിട്ടുള്ളതിനാൽ ഇ.ഡിയുടെ അന്വേഷണം നിലനിൽക്കുന്നതല്ലെന്ന് ഹരജിക്കാർ വാദിച്ചിരുന്നു.
എന്നാൽ, ഈ ഇളവുകൾ കള്ളപ്പണക്കേസിലെ അന്വേഷണത്തിന് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കി. പി.എം.എൽ.എ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ പരിധിയിൽ വരുന്നതല്ല. അതിനാൽ, ആദായനികുതി വകുപ്പിൽനിന്ന് ആനുകൂല്യം ലഭിക്കുന്നുവെന്നത് ഇ.ഡി നടപടികളിൽനിന്ന് സംരക്ഷണം നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം കുറ്റകൃത്യത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ ഇ.ഡിക്ക് എഫ്.ഐ.ആറിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

