മൂപ്പിൽ നായരുടെ ഭൂമി: അപേക്ഷ തഹസിൽദാർ തള്ളിയിട്ടും വില്ലേജ് ഓഫിസർ സാക്ഷ്യപത്രം നൽകി
text_fieldsമന്ത്രി ആർ. രാജൻ
തൃശൂർ: മണ്ണാർക്കാട് മൂപ്പിൽ നായരുടെ അവകാശിയായ ശശീന്ദ്രൻ ഉണ്ണിയുടെ അപേക്ഷ അട്ടപ്പാടി ട്രൈബൽ താലൂക്ക് മുൻ ഭൂരേഖ തഹസീദാർ കെ. മോഹൻകുമാർ തള്ളിയിട്ടും കോട്ടത്തറ വില്ലേജ് ഓഫീസർ കൈവശാവകാശ സാക്ഷ്യ പത്രം നൽകിയെന്ന് റിപ്പോർട്ട്. വില്ലേജ് ഓഫിസറുടെ സാക്ഷ്യ പത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് 575 ഏക്കർ ഭൂമിക്ക് അഗളി സബ് രജിസ്ട്രാർ ആധാരം നടത്തിയത്.
വിഷയം വിവാദമായതിനെ തുടർന്ന് ഒറ്റപ്പാലം സബ് കലക്ടർ തഹസിൽദാരോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് മൂപ്പിൽ നായർക്ക് അട്ടപ്പാടിയിൽ ഭൂമിയില്ലെന്ന് അട്ടപ്പാടി തഹസിൽദാർ റിപ്പോർട്ട് നൽകിയത്. ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് പ്രകാരം മൂപ്പിൽ നായരുടെ പ്രതിനിധി ശശീന്ദ്രൻ ഉണ്ണിയെ തഹസിൽദാർ വിചാരണ നടത്തി. കോട്ടത്തറ വില്ലേജിലെ എ ആൻഡ് ബി രജിസ്റ്ററിൽ മണ്ണാർക്കാട് മൂപ്പിൽ നായർ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിക്ക് കൈവശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച് എന്നിവ അനുവദിച്ചു തരണം എന്നാണ് ശശീന്ദ്രൻ ഉണ്ണി ആവശ്യപ്പെട്ടത്.
ഹൈകോടതിയിൽ നൽകിയ ഹരജിയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 2021 നവംബർ 24ലെ ഹൈകോടതി വിധി പ്രകാരം അട്ടപ്പാടി തഹസിൽദാർ കോട്ടത്തറ വില്ലേജ് ഓഫിസിൽ നിന്ന് റിപ്പോർട്ട് വാങ്ങി. അതിന് ശേഷമാണ് ഈ കേസിലെ ഹരജിക്കാരനായ ശശീന്ദ്രൻ ഉണ്ണിയെ നേരിൽകേട്ടത്. മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ ഉണ്ടായിരുന്ന ഭൂമി ചൂണ്ടിക്കാണിച്ചു തരാൻ കഴിയുമോ എന്ന് വിചാരണ സമയത്ത് തഹസിൽദാർ ആരാഞ്ഞു. അതിന് കഴിയില്ല എന്ന് ശശീന്ദ്രൻ ഉണ്ണി മറുപടിയും നൽകി.
മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ കോട്ടത്തറ വില്ലേജിൽ ഭൂമികൾ ഒന്നും നിലവിലില്ല. ഇത്തരത്തിലുള്ള ഭൂമികൾ ഒന്നുംതന്നെ ശശീന്ദ്രൻ ഉണ്ണിക്ക് ചൂണ്ടിക്കാണിച്ച് നൽകാൻ സാധിച്ചിട്ടില്ല. ഇക്കാരണത്താൽ അപേക്ഷ പരിഗണിക്കാൻ നിർവാഹമില്ലെന്ന് തഹസിൽദാർ അറിയിച്ചു. മണ്ണാർക്കാട് മൂപ്പിൽ നായരുടെ അവകാശികളിൽ ഒരാളായ ശശീന്ദ്രൻ ഉണ്ണിയുടെ അപേക്ഷ 2022 ഏപ്രിൽ 16ന് തള്ളി. അതോടൊപ്പം 2024 ജനുവരി 10ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളി ഉത്തരവും ഒറ്റപ്പാലം സബ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. റവന്യൂ വകുപ്പിന് മുന്നില്ലും ശശീന്ദ്രൻ ഉണ്ണിക്ക് ഭൂമയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല.
തഹസിൽദാരുടെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഉത്തരവ് നിലനിൽക്കെയാണ് 575 ഏക്കർ ഭൂമി മൂപ്പിൽ നായരുടെ അവകാശികൾക്ക് രജിസ്റ്റർ ചെയ്തു കൊടുത്തത്. വില്ലേജ് ഓഫിസിൽ നിന്നും താലൂക്ക് ഓഫിസിൽ നിന്നോ കൈവശ സർട്ടിഫിക്കറ്റ് നികുതി രസീതോ തണ്ടപ്പേരോ ആർ.ഒ.ആറോ അനുവദിച്ചു നൽകാതെയാണ് ആധാരങ്ങൾ മുഴുവൻ രജിസ്റ്റർ ചെയ്തത്. അതേസമയം, സർക്കാർ ഉത്തരവും തഹസിൽദാരുടെയും ഉത്തരവും മറികടന്ന് കോട്ടത്തറ വില്ലേജ് ഓഫിസർ 2023 ഒക്ടോബർ 21, 2024 ജനുവരി 29 എന്നീ തീയതികളിൽ ആയി ഒൻപത് സാക്ഷ്യപത്രങ്ങൾ അനുവദിച്ചു നൽകി.
നിലവിൽ സസ്പെൻഷനിൽ ഇരിക്കുന്ന ഹെഡ് സർവേയരാണ് ഈ സർവേ നമ്പരുകളിലും ഭൂമിക്ക് സ്കെച്ച് തയാറാക്കി നൽകിയതെ തഹസിൽദാർ റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഈ സാക്ഷ്യപത്രങ്ങളുടെയും സ്കെച്ചിന്റെയും അടിസ്ഥാനത്തിലാണ് 33 ഇടകലർന്ന ഓഹരി അവകാശങ്ങളിൽ 244 ആധാരങ്ങൾ രജിസ്റ്റർ ചെയ്തത്. ഈ വസ്തുക്കൾ പോക്കുവരവ് ചെയ്ത് തണ്ടപ്പേർ പിടിക്കരുതെന്ന് തഹസിൽദാരുടെ കാര്യാലയത്തിൽ നിന്നും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഈ ആധാരങ്ങൾ പോക്കുവരവ് ചെയ്യുകയോ തണ്ടപ്പേർപ്പിടിക്കുകയും ചെയ്തിട്ടില്ല.
ഇതുപോലെ ഓൺലൈൻ ആധാരങ്ങളിൽ നൂറിൽപരം ആധാരങ്ങൾ ലിസ്റ്റിൽ മാറ്റിയിട്ടുണ്ട്. മൂപ്പിൽനായർ വിൽപന നടത്തിയ ഭൂമിയടെ നികുതി അടക്കുന്നതിന് തടഞ്ഞിട്ടുണ്ട്. എന്നാൽ, നിലവിലും അഗളി സബ് രിജിസ്ട്രാർ ഓഫിസിൽ ആധാരങ്ങളുടെ രജിസട്രേഷൻ നടക്കുന്നതായി അറിയുന്നു. അത് തടയുന്നതിന് സബ് രജിസ്ട്രാർക്ക് നിർദേശം നൽകണമെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തഹസിൽദാർ സബ് കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തി.
നിയമസഭയിൽ കെ.കെ. രമ സബ് മിഷൻ അവതരിപ്പിച്ചതിന് ശേഷവും ആധാരങ്ങൾ നടന്നു എന്നാണ് തഹസിൽദാരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും വ്യാജ ആധാരത്തിന്മേലുള്ള ഭൂമി വിൽപന തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.