മൂപ്പിൽ നായർക്ക് അട്ടപ്പാടിയിൽ 22,000 ഏക്കർ ഭൂമിയുണ്ടെന്ന് ഡി.ഐ.ജി; റവന്യു മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന് പുല്ല് വില
text_fieldsതൃശൂർ: റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിെൻറ ഉത്തരവിനെ തള്ളി ഉത്തര- മധ്യമേഖല രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡി.ഐ.ജി) ആർ. മധുവിന്റെ റിപ്പോർട്ട്. ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമിയായി സർക്കാരിൽ നിക്ഷിപ്തമായ ഭൂമിയിന്മേലാണ് മൂപ്പിൽ നായർ കുടുംബം അവകാശം ഉന്നയിക്കുന്നതെന്ന് അന്വേഷണത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കണ്ടെത്തിയിരുന്നു. രേഖകൾ പരിശോധിച്ചതിന്റെയും ശശീന്ദ്രൻ ഉണ്ണിയെ ഹിയറിങ് നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് ടിങ്കു ബിസ്വാൾ ഉത്തരവിട്ടത്.
മണ്ണാർക്കാട് മൂപ്പിൽ നായർക്ക് അട്ടപ്പാടിയിൽ 22,172 ഏക്കർ (8973ഹെക്ടർ) ഭൂമിയുണ്ടെന്നാണ് ഡി.ഐ.ജിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. അഗളി മുൻ സബ് രജിസ്ട്രാർ പി.കെ. സുധീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തിയത്. ഡെപ്യൂട്ടി ഐ.ജിയുടെ റിപ്പോർട്ട് അംഗീകരിച്ചാൽ സർക്കാരിനെ റവന്യൂ വകുപ്പിന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കേണ്ടി വരും. ഒരേ വിഷയത്തിൽ രണ്ട് വകുപ്പുകൾ രണ്ട് തട്ടിലാണ് നിൽക്കുന്നതെന്നാണ് ഡി.ഐ.ജിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കോട്ടത്തറ വില്ലേജിൽ 575 ഏക്കർ ഭൂമി മൂപ്പിൽ നായരുടെ അവകാശികൾ ആധാരം ചെയ്തു വിൽപ്പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ആധാരം എഴുത്ത് അസോസിയേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ ഐ.ജി ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ട് തയാറാക്കാൻ നിയോഗിച്ചത് ഉത്തര-മധ്യമേഖല ഡി.ഐ ജി തൃശൂർ രജിസ്ട്രേഷൻ കാര്യാലയത്തിലെ ആർ. മധുവിനെയാണ്.
ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിൽ വിചിത്രമായ കണ്ടത്തലുകളാണുള്ളത്. പരാതിയിൽ പരാമർശിക്കുന്ന ആധാരങ്ങൾ രജിസ്റ്റർ ചെയ്തതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന കണ്ടെത്തൽ. കോടതിവിധികളുടെയും റവന്യൂ രേഖകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് നൽകിയതെന്നാണ് ഡെപ്യൂട്ടി ഐ.ജിയുടെ പ്രധാന വാദം. ഇതുവരെ നടന്ന ആധാരം രജിസ്ട്രേഷൻ നിയമപരമാണെങ്കിൽ ഇനിയും അത് തുടരാം എന്നാണ് റിപ്പോർട്ട് നൽകുന്ന സന്ദേശം.
‘കോട്ടത്തറ വില്ലേജ് ഓഫിസർ മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം പേരിൽ കൈവശ സാക്ഷ്യപത്രം അനുവദിച്ചിരുന്നു. റവന്യൂ രേഖകൾ പ്രകാരം വസ്തുവകകൾ സർക്കാർ പുറമ്പോക്കോ മിച്ചഭൂമിയിലോ ആദിവാസി ഭൂമി സംബന്ധിച്ച ടി.എൽ.എ കേസിലോ ഉൾപ്പെടാത്തതാണ്. മറ്റാരും നികുതി അടച്ച് കൈവശം വെച്ചിരുന്നതല്ലെന്ന് ആധാരം പരിശോധിച്ചതിൽനിന്നും വ്യക്തമായി. ഈ സർവേ നമ്പരുകളിൽ സർക്കാർ ഭൂമിയോ വനഭൂമിയോ ഉൾപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആധാരങ്ങളിലെ വസ്തു വിവരപ്പട്ടികയിൽ അതിരായി വനഭൂമി എന്ന് രേഖപ്പെടുത്തിയിട്ടില്ല. വില്ലേജിലെ ആധികാരിക രേഖയായ എ ആൻഡ് ബി രജിസ്റ്ററിൽ ഈ സർവേ നമ്പരുകളിൽ മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം എന്ന പേരിൽ തണ്ടപ്പേർ രേഖപ്പെടുത്തിയിട്ടുണ്ട്. സർവേ നമ്പരുകളിൽ സർക്കാർ വനഭൂമിയായിട്ടോ അതിരുകളിൽ വനഭൂമിയെന്നോ രേഖപ്പെടുത്തിയിട്ടുമില്ല.
സുപ്രീംകോടതിയുടെ തീരുമാനപ്രകാരം ഭൂനികുതി അടക്കുന്നതിൽനിന്ന് മൂപ്പിൽ സ്ഥാനത്തെ ഒഴിവാക്കപ്പെട്ടതായി ആധാരങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരാതിയിൽ പരാമർശിക്കുന്ന ആധാരങ്ങൾ രജിസ്റ്റർ ചെയ്തതിൽ വീഴ്ച സംഭവിച്ചിട്ടില്ല’ -എന്നാണ് ഡി.ഐ.ജിയുടെ അന്വേഷണത്തിലെ കണ്ടെത്തൽ.
അഗളി മുൻ സബ് രജിസ്ട്രാർ കെ.കെ. മനോജാണ് 45 ആധാരങ്ങൾ രജിസ്റ്റർ ചെയ്തത്. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഉത്തമ ബോധ്യത്തോടെയാണ് ആധാരം രജിസറ്റർ ചെയ്തുവെന്നാണ് മനോജ് മൊഴി നൽകിയത്. മനോജ് നിലവിൽ ചെങ്ങമനാട് സബ് രജിസ്ട്രാർ ആണ്. 183 ആധാരങ്ങൾ രജിസ്റ്റർ ചെയ്തതാകട്ടെ മുൻ രജിസ്ട്രാർ പി.കെ. സുധീർ ആണ്. അദ്ദേഹം നിലവിൽ കൂരിയാച്ചുണ്ട് സബ് രജിസ്ട്രാറാണ്. 16 ആധാരങ്ങൾ രജിസ്റ്റർ ചെയ്തത് ഹെഡ് ക്ലാർക്ക് കെ.പി. ഷാജിമോൻ ആണ്. ഇവരും പറയുന്നത് ആധാരം രജിസ്റ്റർ ചെയ്യുന്നതിന് കോടതി നിരോധന ഉത്തരവുകൾ ഒന്നുമില്ലായിരുന്നു എന്നാണ്.
ലഭ്യമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് ഡി.ഐ.ജി മധു അവകാശപ്പെടുന്നു. മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്തെ ഭൂപരിഷ്കരണ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നായരുടെ അവകാശിയായ ശശീന്ദ്രൻ ഉണ്ണിക്ക് വേണ്ടി എസ്. അർജുൻ മൊഴി നൽകിയത്. എന്നാൽ, അത് സംബന്ധിച്ച രേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. എന്നാൽ രേഖകളില്ലാതെ തന്നെ ഡി.ഐ.ജി മധു ആ മൊഴിയും അംഗീകരിച്ചു. തിരുവിതാംകൂർ രാജാവിന് പോലും ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഒഴിവാകാൻ കോടതി അനുവദിച്ചിട്ടില്ല.
ആധാരം എഴുത്ത് അസോസിയേഷൻ നിൽകിയ പരാതിയിലെ പ്രധാന ആരോപണം മൂപ്പിൽ നായരുടെ അവകാശികളുടെ വസ്തുവിന് ആധാരമോ പട്ടയമോ മറ്റു റവന്യൂ രേഖകളോ ഒന്നും തന്നെയില്ലായെന്നാണ്. അട്ടപ്പാടി ട്രൈബൽ താലൂക്ക് ഹെഡ് സർവേയർ നൽകിയ സ്കെച്ച് മാത്രമാണ് ഈ ഭൂമി സംബന്ധിച്ചുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ചിട്ടില്ല എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളൊന്നും ഡി.ഐ.ജി ആർ. മധു അന്വേഷിച്ചിട്ടുമില്ല.
സംസ്ഥാനത്തെ നിയമ സെക്രട്ടറിയും റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളും മൂപ്പിൽ നായരുടെ അവകാശികൾ സമർപ്പിച്ച കോടതി ഉത്തവുകളെല്ലാം പരിശോധിച്ചിരുന്നു. ഭൂമിക്കുമേൽ അവകാശം സ്ഥാപിക്കുന്നതിന് യാതൊരു തെളിവും മൂപ്പിൽ നായരുടെ അവകാശികൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. എന്നിട്ടും മൂപ്പിൽ നായർക്ക് അട്ടപ്പാടിയിലെ ഭൂമിക്കുമേൽ ഉടമാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയുണ്ടെന്നാണ് സബ് രജിസ്ട്രാർ മൊഴിയിൽ അവകാശപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.