ഒഡെപെക് വഴി വിദേശജോലിക്ക് പോയവർ പതിനായിരത്തിലേറെ
text_fieldsകൊച്ചി: സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക്കിലൂടെ വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കു പോയവരുടെ എണ്ണം 10,000 കടന്നു. 1977ൽ സ്ഥാപിതമായ ഓവർസിസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ് (ഒഡെപെക്) മുഖേന ഇതിനകം വിദേശത്തു പോയത് 10,253 പേരാണ്. ഇതിൽ സൗദി അറേബ്യയിലേക്കാണ് പകുതിയോളം(5103) പേരും പോയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. യു.എ.ഇയിലേക്ക് 1639 പേരും യു.കെയിലേക്ക് 651 പേരും മാലദ്വീപുകളിലേക്ക് 570 പേരും പോയിട്ടുണ്ട്. ഒമാൻ, ഖത്തർ, ലിബിയ, സിംഗപ്പൂർ, ഇറാഖ്, മലേഷ്യ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഒഡെപെക് വഴി പോയിട്ടുണ്ടെങ്കിലും ഇവരുടെ എണ്ണം കുറവാണ്. സൈപ്രസിലേക്ക് ഇതുവരെ ഒരാൾ മാത്രമാണ് ഒഡെപെക്കിലൂടെ പോയിട്ടുള്ളത്. ആരും പോകാത്ത രാജ്യങ്ങളും ഏറെയുണ്ട്.
ഒഡെപെക് മുഖേന ജോലിക്കു പോകുന്നവർക്കുള്ള ടിക്കറ്റ്, വിസ, താമസസൗകര്യം തുടങ്ങിയവ ഒരുക്കുന്നത് തൊഴിൽദാതാവാണ്.
ഇക്കാര്യത്തിൽ ഒഡെപെക്കിന് തുക ചെലവഴിക്കേണ്ടി വരുന്നില്ല. എന്നാൽ ടിക്കറ്റിങ്, റിക്രൂട്ട്മെന്റ് തുടങ്ങിയ സേവനങ്ങളിലൂടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതെന്നും രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ വ്യക്തമാക്കുന്നു. നിലവിൽ ചെയർമാനുൾപ്പെടെ അഞ്ചുപേരാണ് ഒഡെപെക് ഡയറക്ടർ ബോർഡിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.