കൊതുക് നിയന്ത്രണം പാളുന്നു; ആശങ്കയായി വീണ്ടും ചിക്കുൻഗുനിയ വ്യാപനം
text_fieldsതിരുവനന്തപുരം: ഇടവേളക്കുശേഷം സംസ്ഥാനത്ത് ചിക്കുൻഗുനിയ പിടിമുറുക്കുന്നു. 2006-07 കാലയളവിൽ ചിക്കുൻഗുനിയ പകർച്ചവ്യാധിയുണ്ടായശേഷം 2019-20ലും രോഗവ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ വർഷവും ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും ഇത്തവണ രോഗികളുടെ എണ്ണം വീണ്ടും മൂന്നക്കത്തിലെത്തി. ആഗസ്റ്റ് ഏഴുവരെയുള്ള കണക്കനുസരിച്ച് 114 സ്ഥിരീകരിച്ച കേസുകളും 63 സാധ്യതാ കേസുകളും ഒരു മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ ഔദ്യോഗിക നിരീക്ഷണ കണക്കുകൾ യഥാർഥ രോഗബാധയുടെ പൂർണചിത്രം നൽകുന്നില്ലെന്നാണ് പൊതുജനാരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ചിക്കുൻഗുനിയ സാധാരണ മരണകാരണമാകാത്തതിനാൽ പല രോഗികളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ പരിശോധനക്ക് വിധേയരാകുകയോ ചെയ്യാറില്ല. അതിനാൽ സ്ഥിരീകരിച്ച കേസുകളേക്കാൾ യഥാർഥ രോഗബാധിതരുടെ എണ്ണം പലമടങ്ങ് കൂടുതലായിരിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. ശക്തമായ മൺസൂൺ മഴക്കിടെ ഇടവിട്ടുള്ള ചൂട് ഈഡിസ് കൊതുകുകളുടെ വർധനക്കും അതുവഴി ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും വ്യാപിക്കാൻ കാരണമാകുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പ്രധാനമായും തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.ഡെങ്കിയും ചിക്കുൻഗുനിയയും പ്രധാനമായും ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളിലൂടെയാണ് പകരുന്നത്. രണ്ടു രോഗങ്ങളിലുമുണ്ടാകുന്ന വർധന സംസ്ഥാനത്ത് കൊതുകുകൾ വൻതോതിൽ വർധിച്ചതിന്റെ സൂചനയാണ്. 2025 ജൂലൈയിൽ ലോകാരോഗ്യ സംഘടന ചിക്കുൻഗുനിയ വീണ്ടും വ്യാപിക്കാനുള്ള സാധ്യത സംബന്ധിച്ച് ആഗോള തലത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
2004- 05 കാലഘട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് റീയൂനിയൻ ദ്വീപുകളിൽ ആരംഭിച്ച ചിക്കുൻഗുനിയ വ്യാപനം പിന്നീട് 2006-07ൽ കേരളത്തിലുമെത്തി. അതേ ഭൂമിശാസ്ത്ര മേഖലയിൽ വീണ്ടും രോഗവ്യാപനം ശക്തമാകുന്നത് ആശങ്കക്ക് ഇടയാക്കുകയാണ്.
ചില വിഭാഗങ്ങൾക്ക് കൂടുതൽ അപകടസാധ്യത
തിരുവനന്തപുരം: ഗർഭിണികൾ, നവജാത ശിശുക്കൾ, പ്രമേഹം, രക്താതിമർദം തുടങ്ങിയ മുൻകാല രോഗങ്ങളുള്ളവർ എന്നിവരിൽ ചിക്കുൻഗുനിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ മാരകമല്ലെങ്കിലും സന്ധിവീക്കം, ശക്തമായ വേദന, ദീർഘകാലം നീളുന്ന ശാരീരിക അവശത എന്നിവയുണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

