അമ്മായിയമ്മയെ തൂമ്പ കൊണ്ടടിച്ച് കൊന്നു; കൃത്യം നടന്ന സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി
text_fieldsറാന്നി: വെച്ചൂച്ചിറയില്‍ മരുമകന്‍റെ ക്രൂരതക്കിരയായ സ്ത്രീക്ക് ദാരുണാന്ത്യം. ചാത്തന്‍തറ അഴുത കോളനി കിടാരത്തില്‍ ഉഷ (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം അവിടെ തന്നെ നിലയുറപ്പിച്ച മരുമകന്‍ സുനില്‍ (കണ്ണന്‍-38) വെച്ചൂച്ചിറ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.
ചാത്തൻതറ പെരുന്തേനരുവി ഹിൽ ടോപ് റോഡിലെ അഴുത കോളനി ഭാഗത്താണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു സംഭവം. ഉഷയുടെ മകളായ നീതുവിന്റെ ഭർത്താവാണ് കണ്ണൻ. രണ്ടു വർഷക്കാലമായി ഇവർ തമ്മിൽ പിണങ്ങി കഴിയുകയായിരുന്നു. ഇന്ന് മൂന്നു മണിയോടെ കണ്ണൻ ഉഷയുടെ വീട്ടിലെത്തി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് തൂമ്പ പോലുള്ള ആയുധം ഉപയോഗിച്ച് ഉഷയെ അടിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് പറയുന്നത്.
ദീർഘനാളായി അസ്വാരസ്യം ഉണ്ടായിരുന്നതിനാല്‍ ഭർതൃവീട്ടിൽനിന്ന് അകന്നു കഴിയുകയായിരുന്നു ഉഷയുടെ മകൾ. ഭർത്താവ് നേരത്തെ മരിച്ചതിനാൽ പപ്പട കച്ചവടവും മറ്റും ചെയ്താണ് ഉഷ കുടുംബം പുലർത്തിയിരുന്നത്. പൊലീസ്, ഫോറന്‍സിക് വിഭാഗം എത്തി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.