
കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് എം.പിമാർ
text_fieldsകോഴിക്കോട്: കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ സൗജന്യമായി നൽകണമെന്ന് എം.പിമാരായ എളമരം കരീമും എം.വി. ശ്രേയാംസ് കുമാറും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ചുചേർത്ത പാർലമെൻറിലെ കക്ഷി നേതാക്കളുടെ ഓൺലൈൻ യോഗശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വാക്സിൻ ഏതാനും ആഴ്ചകൾക്കകം വിതരണത്തിന് തയാറാകും.
എട്ടു ലാബുകളിൽ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും 10 മുതൽ 35 ഡോളർ വരെ വില വരുമെന്നുമാണ് ആരോഗ്യ സെക്രട്ടറി യോഗത്തിൽ അറിയിച്ചത്. ഇത്രയും തുക നൽകി പാവപ്പെട്ടവർക്ക് വാക്സിനേഷൻ എടുക്കാനാവില്ല. മുമ്പ് പകർച്ചവ്യാധികൾക്കുള്ള വാക്സിനുകൾ സൗജന്യമായാണ് നൽകിയത്. വസൂരി, പോളിയോ, മലേറിയ തുടങ്ങിയ രോഗങ്ങൾക്കെല്ലാം ഈ മാതൃകയാണ് സ്വീകരിച്ചത്. അതേ മാതൃക കോവിഡ് മഹാമാരിയുടെ കാര്യത്തിലും വേണം.
യോഗം അവസാനിപ്പിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിയിൽ നിർഭാഗ്യവശാൽ ഇതേക്കുറിച്ച് പരാമർശിച്ചില്ല. മരുന്നു കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുമോ എന്ന് ആശങ്കയുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഇക്കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിച്ചത്. തുടർപരിപാടികൾ ദേശീയ തലത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും ഇരുവരും പറഞ്ഞു.
കോവിഡിൽ തൊഴിലും വരുമാനവും നഷ്ടമായവർക്ക് പ്രതിമാസം 7500 രൂപയും 10 കിലോ വീതം ഭക്ഷ്യധാന്യവും നൽകണമെന്ന ആവശ്യത്തിൽ പ്രധാനമന്ത്രിയിൽനിന്ന് മറുപടിയുണ്ടായില്ല. 50 വയസ്സിന് മുകളിലുള്ള 30 കോടി ജനങ്ങൾക്ക് വാക്സിൻ നൽകുമെന്നാണ് വിവരം. വാക്സിൻ വിതരണത്തിന് മുൻഗണന നിശ്ചയിക്കുന്നതിൽ അവ്യക്തതയുണ്ട്. മാധ്യമപ്രവർത്തകർ, ബാങ്ക് ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളെയും ഉൾപ്പെടുത്തണം -ഇരുവരും കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.