സ്മരണകളുണർത്തി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അഴീക്കോട്ടെ ജന്മഗൃഹം
text_fieldsമുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ജന്മഗൃഹം
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമകളിരമ്പുന്ന സ്മാരകമായി അഴീക്കോട്ടെ ജന്മഗൃഹം. മലബാറിൽ വെള്ളപ്പട്ടാളത്തിനെതിരെ പടനയിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനായ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനാണ് മുസിരിസ് പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി ജന്മഗൃഹം സർക്കാർ ഏറ്റെടുത്തത്. ഗതകാല പ്രൗഢിയോടെ പുനരുദ്ധാരണം നടത്തിയ ജന്മഗൃഹം ഇന്ന് ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കുമായി തുറന്നിട്ടിരിക്കുകയാണ്.
രാജ്യം സ്വാതന്ത്ര്യത്തോട് അടുക്കുന്ന കാലത്ത് വിഭജനനീക്കത്തിനെതിരെ നിലകൊണ്ട മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ജനാധിപത്യ-മതേതര വിശ്വാസികൾക്കും പ്രസ്ഥാനങ്ങൾക്കും മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ്.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് ഭരണകൂടം മതവിവേചനം നടപ്പാക്കി പൗരന്മാരെ പുറന്തള്ളാനൊരുങ്ങിയപ്പോൾ, പൗരത്വത്തിന് മതം മാനദണ്ഡമാക്കി മാറ്റുകയും ദേശാഭിമാനത്തിന് അതിരുകൾ നിർണയിക്കുകയും ചെയ്ത ആസുരകാലത്ത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബെന്ന ധീര ദേശാഭിമാനിയുടെ ഓർമകളിലൂടെ നാട് വീണ്ടും സ്വാതന്ത്ര്യസമര സ്മരണകളിലേക്ക് മടങ്ങിയിരുന്നു.
സ്മാരകമാക്കിയ ജന്മവീട്ടിൽ സാഹിബിന്റെ ജീവിതവുമായി ബന്ധപ്പെട്ട നിശ്ചലചിത്രങ്ങൾ, അദ്ദേഹം പത്രാധിപരായിരുന്ന അൽ-അമീൻ പത്രത്തിന്റെ പ്രതികൾ, സാഹിബിന്റെ പ്രസംഗങ്ങൾ, അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെക്കുന്ന സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ അഭിമുഖങ്ങൾ എന്നിവ ഉൾപ്പെട്ട പാനലുകൾ നേരത്തേ സംവിധാനിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.