മുല്ലപ്പെരിയാർ അണക്കെട്ട്; വിദഗ്ധ സംഘം പരിശോധന തുടങ്ങി
text_fieldsകുമളി: സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര ജലവിഭവ വകുപ്പ് രൂപവത്കരിച്ച ഉന്നത വിദഗ്ധ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന തുടങ്ങി. ചൊവ്വാഴ്ച രാവിലെ 10ന് തേക്കടി ബോട്ട്ലാൻഡിങ്ങിൽനിന്ന് ബോട്ടുകളിലാണ് സംഘം അണക്കെട്ടിലെത്തിയത്. പ്രധാന അണക്കെട്ട്, ഈ അണക്കെട്ടിലെ ഫൗണ്ടേഷൻ ഗാലറി ഉൾപ്പെടെ രണ്ട് ഗാലറികൾ, ബേബി ഡാം, എർത്തൺ ഡാം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കി അണക്കെട്ടിലേക്ക് ജലം തുറന്നു വിടുന്ന സ്പിൽവേ ഷട്ടറുകൾ എന്നിവ സംഘം പരിശോധിച്ചു. അണക്കെട്ടിൽ നിലവിൽ 122.45 അടി ജലമാണുള്ളത്.
സ്വകാര്യ വ്യക്തി നൽകിയ ഹരജിയിൽ 2022 ഏപ്രിൽ എട്ടിനാണ് സുപ്രീംകോടതി വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠനം നടത്താൻ നിർദേശം നൽകിയത്. നാലു വർഷം നീണ്ട ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ ജൂൺ 16ന് ആറംഗ വിദഗ്ധ സംഘത്തെ കേന്ദ്ര ജലവിഭവ വകുപ്പ് പരിശോധനക്കായി നിയോഗിച്ചത്. ആദ്യ ദിനത്തിലെ പരിശോധനകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ അവസാനിച്ചു. അണക്കെട്ടിന്റെ സുരക്ഷ, ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശേഷി, വെള്ളപ്പൊക്കത്തെ നേരിടാനുള്ള കഴിവ്, അടിയന്തര ഘട്ടത്തിൽ ജലനിരപ്പ് താഴ്ത്താനുള്ള സംവിധാനങ്ങൾ, കാലപ്പഴക്കം മൂലം അണക്കെട്ടിന് ഉണ്ടായ പ്രശ്നങ്ങൾ എന്നിവയാണ് മൂന്ന് ദിവസത്തെ പരിശോധന കൊണ്ട് വിലയിരുത്തുന്നത്. ആറംഗ സമിതിയിൽ നാഷനൽ ഹൈഡ്രോ ഇലക്ട്രിക്കൽ പവർ കോർപറേഷൻ മുൻ മേധാവി ഡോ. ബൽ രാജ് ജോഷി, റൂർക്കി ഐ.ഐ.ടി മുൻ മേധാവി എം.എൽ. ശർമ, ഒഡിഷ ജലവിഭവ വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി അശുതോഷ് ദാസ്, ഗോപാൽ ധവാൻ, ഗുൽഷൻ രാജ് എന്നിവരാണ് അണക്കെട്ടിൽ എത്തിയത്.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സമിതിയിലെ കേരളത്തിന്റെ അംഗവും കെ.എസ്.ഇ.ബി ഉപദേശക സമിതി അംഗവുമായ ജയിംസ് വിൽസൺ, കേരളത്തിന്റെ ജല വിഭവ വകുപ്പ് ചീഫ് എൻജിനീയർ പ്രിയേഷ്, തമിഴ്നാടിന്റെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും അണക്കെട്ടിൽ എത്തിയിരുന്നു. പരിശോധന ഇന്നും തുടരും. നാളെ യോഗം ചേർന്ന് കണ്ടെത്തലുകൾ വിലയിരുത്തി റിപ്പോർട്ടാക്കിയ ശേഷമാണ് സന്ദർശനം അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

