മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി നീങ്ങാൻ കേരളം
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി നിലപാടിൽ ഉറച്ച് നിൽക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആവശ്യം ഉന്നയിച്ചപ്പോൾ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനാണ് സുപ്രീംകോടതി നിർദ്ദേശിച്ചതും പിടിവള്ളിയാക്കും.
2026 ഡിസംബർ 31ന് മുമ്പ് നിർവഹിക്കേണ്ടതായ ഡാം സുരക്ഷാ പരിശോധന തമിഴ്നാട് ഇതുവരെ നടപ്പാക്കിയിട്ടില്ല. 131 വർഷത്തെ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ ഗൗരവമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന 142 അടിയുടെ മുകളിലേക്ക് ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും സമ്മതിക്കില്ല. അതേസമയം, സമാന്തരമായി മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴ്നാട് സർക്കാരുമായി അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിന് കൂടിയാലോചനക്കുള്ള സാധ്യതകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ പൊതു ധാരണയിലേക്ക് മുല്ലപ്പെരിയാർ പ്രശ്നം എത്തിക്കുന്നതിന് സുപ്രീം കോടതിയുടെയും കേന്ദ്രസർക്കാറിന്റെയും അനുമതിയോടെ കേരള സർക്കാർ സാധ്യമായ പരിശ്രമങ്ങൾ നടത്താനാണ് തീരുമാനം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്രസുരക്ഷാ പരിശോധനക്കായി രൂപവത്കരിച്ച വിദഗ്ധസമിതിയിലേക്ക് സംസ്ഥാനം നേരത്തെ നിശ്ചയിച്ചു നൽകിയ പ്രതിനിധിയെ ഏകപക്ഷീയമായി കേന്ദ്രം ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. പിന്നാലെ കേരളം കടുത്ത പ്രതിഷേധമുയർത്തിയിനെ തുടർന്ന് കേന്ദ്രം നിലപാട് തിരുത്തി. ഇതേ തുടർന്ന് കേരളത്തിന്റെ പ്രതിനിധിയായി സർക്കാർ നിർദ്ദേശിച്ച അശുതോഷ് ദാഷിനെ ഉൾപ്പെടുത്തുകയും ചെയ്തു. മുല്ലപ്പെരിയാർ ഉൾപ്പെടെ തർക്കത്തിലുള്ള എല്ലാ ഡാമുകളും നിലവിൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ അധീനതയിലാണ്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ആദ്യഘട്ട പരിശോധന നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി (എൻ.ഡി.എസ്.എ) ചെയർമാന്റെ നേതൃത്വത്തിൽ നടന്നിരുന്നു. രണ്ടാം ഘട്ടമാണ് നിഷ്പക്ഷ വിദഗ്ദ്ധ സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

