വഖഫ് ബോർഡിന്റെയും താമസക്കാരുടെയും താൽപര്യം സംരക്ഷിക്കണമെന്ന് മുനമ്പം കമീഷൻ
text_fieldsകൊച്ചി: മുനമ്പത്തെ ഭൂമി സംബന്ധിച്ച തർക്കത്തിൽ വഖഫ് ബോർഡിന്റെയും അവിടുത്തെ താമസക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വിഷയത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്. മുനമ്പത്തെ താമസക്കാരെ കുടിയിറക്കുന്നത് പ്രായോഗികമല്ലെന്നും അതിന്റെ കാരണങ്ങളും വ്യക്തമാക്കുന്ന റിപ്പോർട്ട് മേയ് 30നകം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ കരടിൽ അവസാന മിനുക്കുപണികൾ പൂർത്തിയായി വരികയാണ്.
ഫാറൂഖ് കോളജ് മാനേജ്മെന്റും വഖഫ് ബോർഡുമായും ചർച്ച ചെയ്ത് രമ്യമായ പരിഹാരത്തിന് സർക്കാർ ശ്രമിക്കണം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കോടതി തീർപ്പ് കൽപ്പിച്ചാൽ ബോർഡിന് സർക്കാർ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് അവിടുത്തെ താമസക്കാർക്ക് പതിച്ച് നൽകണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. പൊതുതാൽപര്യം മുൻനിർത്തി വഖഫ് ഭൂമി ഏറ്റെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നതാണ് ഇതിന് പിൻബലമായി ചൂണ്ടിക്കാട്ടുന്നത്.
വിധി മുനമ്പത്തെ ജനങ്ങൾക്ക് അനുകൂലമായാൽ അവരുടെ റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചുനൽകണം. ബോർഡിന്റെ ചുമതല വഖഫ് ഭൂമി സംരക്ഷിക്കുക എന്നതുതന്നെയാണ്. അതുകൊണ്ട് ബോർഡിന്റെ നിലപാടിൽ തെറ്റില്ല. കോടതി വിധി അനുകൂലമായാൽ അതിന്റെ പ്രയോജനം ലഭിക്കാൻ ബോർഡിന് അവകാശമുണ്ടെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം. മുനമ്പത്തെ താമസക്കാരെ സംരക്ഷിച്ച് എങ്ങനെ പ്രശ്നം പരിഹരിക്കാം എന്ന സർക്കാരിന്റെ ചോദ്യത്തിന് വിശദമായ നിർദേശങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഭൂമി വഖഫ് ആണോ അല്ലയോ എന്നത് കോടതി തീരുമാനിക്കേണ്ടതാണെന്നും കമീഷൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ജ. രാമചന്ദ്രൻ നായർ വ്യക്തമാക്കി.
‘താമസക്കാരെ പറിച്ചുനടുന്നത് എളുപ്പമല്ല’
മത്സ്യത്തൊഴിലാളികളും കച്ചവടക്കാരുമടക്കം സാധാരണക്കാരാണ് മുനമ്പത്ത് താമസിക്കുന്നതെന്നും അവരെ പറിച്ചുനടുന്നത് എളുപ്പമല്ലെന്നും കമീഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഫാറൂഖ് കോളജ് മാനേജ്മെന്റാണ് ഭൂമി വിറ്റത്. എന്നാൽ, അവർക്ക് ദുരുദ്ദേശ്യം ഉള്ളതായി തോന്നുന്നില്ല. വിൽക്കാൻ സ്വാതന്ത്ര്യത്തോടെ ലഭിച്ച ഭൂമിയാണ്. അവർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ കോളജ് മാനേജ്മെന്റുമായി സർക്കാർ സംസാരിക്കണം. മാനേജ്മെന്റിനോ വഖഫ് ബോർഡിനോ സർക്കാരിനോ ജനങ്ങളോട് വിരോധമുണ്ടെന്ന് തോന്നുന്നില്ല. ഭൂമി വിറ്റതിന്റെ പ്രയോജനം ലഭിച്ചത് കോളജ് മാനേജ്മെന്റിനാണ്. നഷ്ടപരിഹാരം ആരിൽനിന്ന്, എങ്ങനെ ഈടാക്കണം എന്നതൊക്കെ സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.