മുനമ്പം: റിപ്പോർട്ട് സമർപ്പിച്ച് കമീഷന്: കുടിയൊഴിപ്പിക്കരുതെന്ന് പ്രധാന നിർദേശം
text_fieldsമുനമ്പം കമീഷൻ റിപ്പോർട്ട് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. മന്ത്രിമാരായ പി. പ്രസാദ്, വി. അബ്ദുറഹിമാൻ, പി. രാജീവ് എന്നിവർ സമീപം
തിരുവനന്തപുരം: മുനമ്പം ഭൂമി സംബന്ധിച്ച തർക്കത്തിൽ വഖഫ് ബോർഡിന്റെയും അവിടത്തെ താമസക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന വിഷയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മുനമ്പം കമീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, പി. രാജീവ്, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ റിപ്പോർട്ട് കൈമാറിയത്.
75 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ശിപാര്‍ശകള്‍ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചചെയ്ത ശേഷമായിരിക്കും തുടര്‍നടപടികൾ കൈക്കൊള്ളുക.മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്നാണ് റിപ്പോട്ടിലെ പ്രധാന നിർദേശം.
കേസിലെ കോടതി വിധിമാനിച്ച് ഫാറൂഖ് കോളജ് മാനേജ്മെന്റും വഖഫ് ബോർഡുമായും ചർച്ച ചെയ്ത് പ്രശ്നത്തിന് സർക്കാർ രമ്യമായ പരിഹാരത്തിന് ശ്രമിക്കണം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കോടതി തീർപ്പ് കൽപ്പിച്ചാൽ ബോർഡിന് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് അവിടത്തെ താമസക്കാർക്ക് പതിച്ച് നൽകാനാകും. പൊതുതാൽപര്യം മുൻനിർത്തി വഖഫ് ഭൂമി ഏറ്റെടുക്കാൻ വ്യവസ്ഥയുണ്ടെന്നതും ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചുനൽകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുനമ്പം ഭൂമിപ്രശ്നം പഠിക്കാൻ കഴിഞ്ഞ നവംബറിലാണ് സർക്കാർ കമീഷൻ രൂപവത്കരിച്ചത്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർക്ക് സർക്കാർ നൽകിയിരുന്ന നിർദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.