രാഹുലിനോട് പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നഗരസഭ
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ, പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയോട് പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിച്ച് നഗരസഭ. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളും ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രതിഷേധക്കാർ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിക്കുന്നതെന്ന് ഡെപ്യൂട്ടി ചെയർമാൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലു മണിക്കാണ് മുനിസിപ്പൽ സ്റ്റാൻഡിന്‍റെ ഉദ്ഘാടനം നടക്കുന്നത്. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനാണ് ഉദ്ഘാടകൻ. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ സ്ഥലം എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു വിശിഷ്ടാതിഥി.
യുവനടിയുടെ ആരോപണങ്ങളെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. യുവനടി തന്റെ സുഹൃത്താണെന്നും അവർ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
തനിക്കെതിരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. അത്തരമൊരു പരാതി വന്നാൽ നിയമപരമായി നേരിടും. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വാസമുണ്ട്. ഓഡിയോ സന്ദേശം വ്യാജമായി നിർമിക്കുമെന്നാണ് കരുതുന്നത്. ഹണി ഭാസ്കരന്റെ ആരോപണം അവർ തെളിയിക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.