ആകാശ ഭക്ഷണശാലയിലെ അപകടം: രക്ഷാപ്രവർത്തനം രണ്ട് മണിക്കൂർ
text_fields1. രക്ഷാപ്രവർത്തനത്തിന്റെ വിദൂര ദൃശ്യം 2. അടിമാലി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയവരെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തുന്നു
അടിമാലി: നൂറടി ഉയരത്തിലുള്ള ആകാശ ഭക്ഷണശാലയിൽ കുടുങ്ങിയ സഞ്ചാരികളെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത് അതിസാഹസികമായി. ആകാശ ഭക്ഷണശാല ജീവനക്കാർ ഏറെ പരിശ്രമിച്ചിട്ടും താഴെയിറക്കാൻ സാധിക്കാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. സേന എത്തുമ്പോൾ കാണുന്നത് കുട്ടികളെയുമായി ഭീതി പൂണ്ട് നിസ്സഹായരായി മുകളിൽ ഇരിക്കുന്നവരെയാണ്.
മൂന്നാർ നിലയത്തിലെ അസി.സ്റ്റേഷൻ ഓഫിസർ അജയകുമാറും ജീവനക്കാരിലൊരാളും ചേർന്ന് കയറിലൂടെ മുകളിലെത്തി. അപകടത്തിൽപ്പെട്ട ഓരോരുത്തരെയും സുരക്ഷ ഉപകരണങ്ങൾ ധരിപ്പിച്ച് അതി സാഹസികമായി താഴേക്കിറക്കുകയായിരുന്നു. താഴെ വല വിരിച്ചായിരുന്നു രക്ഷാപ്രവർത്തനം. വിവരമറിഞ്ഞ് നൂറ് കണക്കിന് നാട്ടുകാരും തടിച്ചു കൂടി. കുട്ടികളടക്കം മുകളിൽ കുടുങ്ങിയത് കണ്ട് നിന്നവരെ ആശങ്കയിലാക്കി. സേനാംഗങ്ങൾ ഓരോരുത്തരെയായി താഴെ ഇറക്കുന്നത് നെഞ്ചിടിപ്പോടെയാണ് പലരും കണ്ടു നിന്നത്.
സെൻസർ തകരാറിനെ തുടർന്ന് ക്രെയിനിൽ ഘടിപ്പിച്ച ഹാങ്ങിങ് പ്ലാറ്റ്ഫോം നൂറടി ഉയരത്തിൽ കുടുങ്ങിയതാണ് അപകട കാരണമെന്നാണ് അഗ്നിരക്ഷ സേനയുടെ നിഗമനം. അടിമാലി, മൂന്നാർ, ഇടുക്കി അഗ്നി രക്ഷ നിലയങ്ങളിൽ നിന്നായി നിരവധി വാഹനങ്ങളും ഇരുപതോളം സേനാംഗങ്ങളും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

