ഗൾഫിലേക്കുള്ള മുരളീധരന്റെ യാത്ര കുടുംബത്തിന് അവസാന കാഴ്ച
text_fieldsകാസർകോട്: പത്തൊമ്പതു വർഷം മുമ്പ് മുരളീധരന്റെ ഗൾഫ് യാത്ര കുടുംബത്തെ സംബന്ധിച്ച് അവസാന കാഴ്ചയായിരുന്നുവെന്ന് അവർ അറിഞ്ഞിരുന്നില്ല. ചീമേനി സ്വദേശി 43കാരനായ പി.വി. മുരളീധരനെ ഈ വർഷം ഫെബ്രുവരി 15ന് യു.എ.ഇയിൽ വധശിക്ഷക്ക് വിധേയനാക്കിയ വിവരം വ്യാഴാഴ്ച രാവിലെയാണ് കുടുംബം അറിയുന്നത്. 2009ൽ അൽഐനിൽ തിരൂർ സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരന്റെ വധശിക്ഷ നടപ്പാക്കിയത്.
ഗൾഫിലേക്ക് ജോലിതേടി പോയതിനുശേഷം മകനെ കാണാനായില്ലെന്ന് അമ്മ ജാനകി മാധ്യമങ്ങളോട് പ്രതികരിച്ചു. ഫെബ്രുവരി 14നാണ് മകൻ മുരളീധരൻ അവസാനമായി വിളിച്ചത്. അവൻ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണെന്ന് മാത്രം അറിയാം. എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. അവസാനമായി അവനെ ഒരുനോക്കു കാണാൻപോലും പറ്റിയില്ലല്ലോയെന്ന് ജാനകി സങ്കടത്തോടെ പറഞ്ഞു.
2006ലാണ് പി.വി. മുരളീധരൻ വിദേശത്തേക്ക് പോയത്. ജോലി ലഭിച്ച് കുറച്ചുകാലം പണിയെടുത്ത് മൂന്നു വർഷത്തിനകം തിരിച്ചുവരുമെന്നാണ് പറഞ്ഞിരുന്നത്. 2009ലാണ് ശിക്ഷാനടപടിക്ക് കാരണമായ കേസ് ഉണ്ടായത്. തിരൂർ സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കുകയായിരുന്നു. മൊയ്‌തീനെ കുറിച്ച് വിവരമില്ലാതായതോടെ മൊയ്തീന്റെ കുടുംബം പരാതി നല്‍കി. യു.എ.ഇ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊയ്‌തീന്‍റെ ഫോണ്‍ മുരളീധരൻ ഉപയോഗിക്കുന്നതായി കണ്ടെത്തി.
കൊല്ലപ്പെട്ട മൊയ്‌തീനെ മരുഭൂമിയില്‍ കുഴിച്ചിട്ടുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ മുരളീധരൻ പൊലീസ് പിടിയിലായി. വധശിക്ഷ വിധിക്കുകയുംചെയ്‌തു. അതിനുശേഷം മുരളീധരനെ വീട്ടുകാർ കണ്ടില്ല. മുരളീധരൻ കുറ്റം സമ്മതിക്കുകയായിരുന്നുവത്രെ. വളരെ ചെറിയ പ്രായത്തിലാണ് യു.എ.ഇയിലേക്ക് പോയത്. നാട്ടിലെ മികച്ച ഫുട്ബാൾ കളിക്കാരനായ മുരളീധരന്റെ മെഡലുകൾ ഇപ്പോഴും നിധിപോലെ വീട്ടിൽ സൂക്ഷിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.