Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആര് എന്ത് കളിച്ചിട്ടും കാര്യമില്ല, സതീശൻ സർക്കാർ അഞ്ചുവർഷം തികക്കും’; മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ. മുരളീധരൻ

text_fields
bookmark_border
‘ആര് എന്ത് കളിച്ചിട്ടും കാര്യമില്ല, സതീശൻ സർക്കാർ അഞ്ചുവർഷം തികക്കും’; മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ. മുരളീധരൻ
cancel

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ അഭിപ്രായവ്യത്യാസങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി കെ. മുരളീധരൻ. ആരൊക്കെ എന്തെല്ലാം നീക്കങ്ങൾ നടത്തിയാലും സതീശൻ മുഖ്യമന്ത്രിയായി അഞ്ചുവർഷം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെയും ജനങ്ങളുടെയും പിന്തുണ മുഖ്യമന്ത്രിക്കുണ്ടെന്നും ഇത്തരം വിവാദങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായവ്യത്യാസങ്ങളും വിമർശനങ്ങളും സ്വാഭാവികമാണ്. അതിനെ സർക്കാരിനുള്ളിലെ പ്രതിസന്ധിയായി ചിത്രീകരിക്കേണ്ടതില്ല. മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന പ്രചാരണങ്ങൾക്കിടയിലും മുഖ്യമന്ത്രി ശക്തമായി മുന്നോട്ടുപോകും. ആര് എന്ത് കളിച്ചിട്ടും കാര്യമില്ലെന്നും സതീശൻ അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നും മുരളീധരൻ പറഞ്ഞു.

ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തിലും മുൻ സർക്കാരിനെതിരെ മുരളീധരൻ രൂക്ഷവിമർശനം ഉന്നയിച്ചു. കേരളത്തിലേക്ക് വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികളുടെ ക്രമക്കേട് നടന്നതായും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടർനടപടികൾ സ്വീകരിച്ചതെന്ന് മുരളീധരൻ പറഞ്ഞു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതിയും ലഭിച്ചിരുന്നു. സംഭവത്തിൽ മുൻ കായികമന്ത്രിയടക്കം മൂന്നുപേരെ പ്രതിചേർക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

അതേസമയം, പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ മുരളീധരൻ തയാറായില്ല. ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും തൽക്കാലം പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി എ.പി. അനിൽകുമാറിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിനും മുരളീധരൻ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ ഇത്തരം വിമർശനങ്ങൾ ശ്രദ്ധിക്കാറില്ല. തനിക്കെതിരെയും നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അതൊന്നും കാര്യമാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിലക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുരളീധരൻ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muralidharan Backs CM Satheesan
Next Story